ബിനീഷ് കോടിയേരിയും സംഘവും കുമരകത്ത് ഹൗസ് ബോട്ടിൽ കൊറോണ നിയന്ത്രണങ്ങളെ മറികടന്ന് നിശാപാർട്ടി സംഘടിപ്പിച്ചതായി കണ്ടെത്തൽ

കോട്ടയം: ബാംഗ്ലൂരിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് അനൂപുമായി ബന്ധമുണ്ടെന്ന ആരോപണം നിലനിൽക്കുന്ന ബിനീഷ് കോടിയേരി കുമരകം വിനോദ സഞ്ചാര മേഖലയിലെ നിത്യ സന്ദർശകൻ. കോറോണ നിയന്ത്രണങ്ങൾ നിലനിൽക്കെ റിസോർട്ടിൽ നിശാ പാർട്ടി നടത്തുകയും ബിനീഷ് അതിൽ പങ്കെടുത്തുവെന്നുള്ള വിവരങ്ങളുമാണ് പുറത്തുവരുന്നത്. പലതവണ ബിനീഷ് കുമരകത്ത് എത്തുകയും സംഘം ചേർന്ന് റിസോർട്ടിലും ഹൗസ് ബോട്ടിലും വലിയ രീതിയിലുള്ള പാർട്ടികൾ സംഘടിപ്പിച്ചിരുന്നതായും പറയുന്നു.

ഈ പാർട്ടിക്ക് പിന്നിൽ അനൂപ് മുഹമ്മദ് ആണെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇത്തരം പരിപാടികളിൽ കൂടുതലും പങ്കെടുത്തിരുന്നത് കേരളത്തിന് പുറത്ത് നിന്നുള്ളവരാണ്. വേമ്പനാട്ടു കായലിൽ ആളൊഴിഞ്ഞ പ്രദേശത്ത് വലിയ ഹൗസ് ബോട്ടുകൾ സംഘടിപ്പിച്ചുകൊണ്ട് നടത്തിയ പാർട്ടികളിൽ വലിയ രീതിയിൽ മയക്കുമരുന്ന് ഒഴുകുന്നതായി വിവരങ്ങൾ ലഭിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി തുടരുന്ന സമയമായ ജൂൺ 19 നാണ് കുമരകത്ത് നിശാ പാർട്ടി സംഘടിപ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനടക്കം പങ്കെടുത്തതിനാൽ വിവരങ്ങൾ പോലീസ് ഒളിച്ചുവെക്കാൻ ശ്രമിക്കുന്നുവെന്നുള്ള ആക്ഷേപങ്ങളും ഉയർന്നുവരുന്നുണ്ട്.