ബിവറേജസ് ജീവനക്കാരി കൊറോണ നിരീക്ഷണത്തിൽ

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലും സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലറ്റുകൾ അടയ്ക്കാൻ തയ്യാറാകാതെ അധികൃതർ. തിരുവനന്തപുരത്തെ ബീവറേജസ് കോർപറേഷനിലെ ജീവനക്കാരിക്കും കൊറോണ വൈറസ് ഉണ്ടെന്ന സംശയത്തിൽ നിരീക്ഷണത്തിലാണ്. പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച ഇവർക്ക് കൊറോണയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവരെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ രക്ത സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല.

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഗണ്യമായി കൂടി വരികയാണ്. കൂടുതൽ ആളുകൾക്ക് വൈറസ് സ്ഥിതീകരിച്ച ജില്ലകൾ അടച്ചിടണമെന്നുള്ള ആവശ്യവും ഉയർന്നു വരുന്നുണ്ട്. കൂടാതെ കാസർഗോഡും പത്തനംതിട്ടയിലും കൂടുതൽ ഐസുലേഷൻ സെന്ററുകൾ തുറക്കാനും തീരുമാനം ആയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കാസർഗോഡ്, കണ്ണൂർ, ഇടുക്കി, മലപ്പുറം, തൃശ്ശൂർ, തിരുവനന്തപുരം, എറണാകുളം അടക്കമുള്ള ജില്ലകൾ അടച്ചിടണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം. വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു ആരോഗ്യ വകുപ്പും സർക്കാരും കനത്ത ജാഗ്രത നിർദേശമാണ് മുന്നോട്ട് വെച്ചിട്ടുള്ളത്.