പാട്ന : ബിഹാർ അധ്യാപിക യോഗ്യത പരീക്ഷയുടെ റിസൾട്ടിൽ നടി അനുപമ പരമേശ്വരന്റെ ചിത്രം. ബിഹാർ സ്വദേശി ഋഷികേശ് കുമാറിന്റെ പരീക്ഷ ഫലത്തിലാണ് മലയാള ചലച്ചിത്ര താരം അനുപമ മഹേശ്വരന്റെ ചിത്രം കടന്ന് കൂടിയത്. കഴിഞ്ഞ വർഷം പരീക്ഷ എഴുതാനുള്ള ഹാൾ ടിക്കറ്റ് ലഭിച്ചപ്പോഴും ഋഷികേശിന്റെ ഫോട്ടോയ്ക്ക് പകരം അനുപമയുടെ ഫോട്ടോ പതിപ്പിച്ചാണ് ലഭിച്ചത്.
അതേസമയം കഴിഞ്ഞ വർഷം തന്നെ ഋഷികേഷ് പരാതിപ്പെട്ടിരുന്നെങ്കിലും പിഴവ് പരിഹരിക്കാമെന്നായിരുന്നു അധികൃതർ അറിയിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം പരീക്ഷ ഫലം പ്രസിദ്ധീകരിച്ചപ്പോഴും അനുപമയുടെ ചിത്രം തന്നെയാണ് തന്റെ ചിത്രത്തിന് പകരമായി നൽകിയതെന്നും ഋഷികേശ് പറയുന്നു.
സംഭവം വിശദീകരിച്ച് ഋഷികേശ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെക്കുകയും സംഭവം വൈറലാകുകയും തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. കഴിഞ്ഞ വർഷം സമാന സംഭവം ബീഹാറിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു.ബിഹാർ ജൂനിയർ എഞ്ചിനീയർ പരീക്ഷ ഫലത്തിൽ ഒന്നാം റാങ്ക് ലഭിച്ച ആളുടെ ചിത്രത്തിന് പകരം ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ചിത്രമാണ് റാങ്ക് ലിസ്റ്റിൽ പ്രസിദ്ധീകരിച്ചത്.