ന്യുഡൽഹി : കോവിഡ് ബാധിതരായ ആളുകകളെ കൂടുതലായും ബാധിക്കുന്ന ബ്ലാക്ക് ഫംഗത്തിനെതിരെ പോരാടാൻ രാജ്യം തയാറായി ഇരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസിയിലെ ആരോഗ്യപ്രവർത്തകരെ ഓൺലൈനിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ബ്ലാക്ക് ഫംഗസിനെ കരുതിയിരിക്കാനുള്ള നിർദേശം പ്രധാനമന്ത്രി നൽകിയത്.
കോവിഡ് ബാധിച്ച് പ്രിയപെട്ടവരെ നഷ്ടപെട്ട ആളുകൾക്ക് അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി കോവിഡിനെതിരെ നടക്കുന്ന വാക്സിനേഷനെ ജനകീയ പോരാട്ടമാക്കി മാറ്റണമെന്നും ആഹ്വാനം ചെയ്തു. രോഗമുണ്ടെങ്കിൽ അവിടെ ചികിത്സയും ഉണ്ടെന്നും അതാണ് നമ്മുടെ മുദ്രാവാക്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധമെന്നത് നീണ്ട യുദ്ധമാണെന്നും. കോവിഡിനെതിരായ പോരാട്ടത്തിൽ കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. ആരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം കാണിക്കരുതെന്നും ഇത് അതിനുള്ള സമയമല്ല പോരാടാനുള്ള സമയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.