കോട്ടയം : ഉഴവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചേറ്റുകുളം സ്വദേശി രാമൻ കുട്ടിയാണ് ഭാര്യ ഭാരതിയെ വെട്ടികൊലപ്പെടുത്തി കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കിണറ്റിൽ ചാടിയ രാമൻകുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാരതിയെ തിങ്കളാഴ്ച രാവിലെ ആറു മണിയോടെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് രാമൻകുട്ടിയെ കാണാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തുള്ള കിണറിൽ ബോധരഹിതനായ നിലയിൽ രാമൻകുട്ടിയെ കണ്ടെത്തിയത്.
ബന്ധുക്കളൊക്കെ വീട്ടിൽ ഉണ്ടായിരുന്നതായും ഇവരാരും സംഭവം അറിഞ്ഞിരുന്നില്ലെന്നുമാണ് പൊലീസിന് മൊഴി നൽകിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം വീട്ടിലുണ്ടായിരുന്ന ബന്ധുക്കളുടെ മൊഴിയിൽ പോലീസിന് ചില സംശയങ്ങൾ ഉള്ളതായാണ് വിവരം. കൊലപാതകത്തിൽ ദൂരൂഹതയുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഭാരതിയുടെ മൃദദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.