കൊല്ലം : ഭർത്താവ് പെട്രോൾ ഒഴിച്ചതിനെ തുടർന്ന് അടുപ്പിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. നീണ്ടകര സ്വദേശിനി ശരണ്യ (35) ആണ് മരിച്ചത്. വിദേശത്ത് നിന്ന് ഒരാഴ്ച മുൻപ് അവധിക്ക് നാട്ടിലെത്തിയ ശരണ്യയുടെ ഭർത്താവ് എഴുകോൺ സ്വദേശി ബിനു (40) സംഭവത്തിന് ശേഷം പോലീസിൽ കീഴടങ്ങി.
അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന ശരണ്യയുടെ ദേഹത്ത് ബിനു പെട്രോൾ ഒഴിക്കുകയായിരുന്നു. ഇതിനിടയിൽ അടുപ്പിൽ നിന്നും ശരണ്യയുടെ ദേഹത്തേക്ക് തീ പടരുകയും പൊള്ളലേൽക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
ശരണ്യയും, ബിനുവും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. വിദേശത്ത് ജോലി ചെയ്തുവരികയായിരുന്നു ബിനു കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. ശരണ്യയ്ക്ക് അവിഹിത ബന്ധമുള്ളതായി ബിനു സംശയിച്ചിരുന്നു. ഇതിന്റെ പേരിൽ വഴക്കിടുകയും ശരണ്യ ബിനുവിനോട് പിണങ്ങി നീണ്ട കരയിലെ സ്വന്തം വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. ഇതിന് പിന്നാലെ ബിനുവും നീണ്ടകരയിലുള്ള വീട്ടിലെത്തി.
ശരണ്യയെ കൊല്ലപ്പെടുത്തണമെന്ന ലക്ഷ്യവുമായി എത്തിയ ബിനു പെട്രോൾ വാങ്ങിയാണ് വീട്ടിലെത്തിയത്. തുടർന്ന് വീടിന്റെ പുറക് വശത്ത് ഒളിച്ചിരുന്ന ബിനു ശരണ്യയുടെ അച്ഛൻ പുറത്ത് പോയ തക്കം നോക്കി വീടിനകത്ത് കയറി. അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന ശരണ്യയുടെ അടുത്തെത്തിയ ബിനു ശരണ്യയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും കയ്യിലിരുന്ന പെട്രോൾ ഒഴിക്കുകയുമായിരുന്നു.