കോയമ്പത്തൂർ : ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ചലച്ചിത്രതാരവും എംപിയുമായ സുരേഷ്ഗോപിയുടെ അഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് സംഘം കോയമ്പത്തൂരിൽ വെച്ചാണ് സുനിൽ ഗോപിയെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ സ്വദേശിയായ ഗിരിധരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കോയമ്പത്തൂരിലെ നവകാരൈയിൽ സുനിൽ ഗോപി 4.52 ഏക്കർ ഭൂമി വാങ്ങിയിരുന്നു എന്നാൽ ഭൂമി ഇടപാടിന്റെ ബോണ്ട് രജിസ്ട്രേഷൻ അസാധുവാണെന്നുള്ള കോടതി ഉത്തരവ് മറച്ച് വെച്ച് ഭൂമി പരാതിക്കാരനായ ഗിരിധരന് വിൽക്കാൻ ശ്രമിക്കുകയായിരുന്നു. 97 ലക്ഷം രൂപ മുൻകൂറായി ഗിരിധരൻ സുനിൽ ഗോപിക്ക് നൽകിയിരുന്നു.
പണം നൽകിയതിന് പിന്നാലെ രേഖകൾ പരിശോധിച്ചപ്പോഴാണ് ഭൂമി സുനിൽ ഗോപിയുടെ പേരിലല്ലെന്ന കാര്യം ഗിരിധരൻ അറിയുന്നത്. സുനിൽ ഗോപിയെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ ഉത്തരം ലഭിച്ചില്ല തുടർന്ന് ക്രൈംബ്രാഞ്ചിന് പരാതി നൽകുകയായിരുന്നു. അറസ്റ്റ് ചെയ്ത സുനിൽ ഗോപിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.