ഭർതൃ വീട്ടിൽ മകൾ നേരിടുന്ന സ്ത്രീധന പീഡനം കണ്ട് നിൽക്കാൻ വയ്യ , എന്റെ വേദന കേരളം ഏറ്റെടുക്കണം ; വീഡിയോ ചിത്രീകരിച്ച് പിതാവ് ആത്മഹത്യ ചെയ്തു

മലപ്പുറം : സ്ത്രീധനത്തിന്റെ പേരിൽ ഭർതൃ വീട്ടിൽ മകൾ നേരിടുന്ന പീഡനത്തിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. മമ്പാട് സ്വദേശി മൂസകുട്ടിയാണ് ആത്മഹത്യ ചെയ്തത്. ജീവനൊടുക്കുന്നതിന് മുൻപ് ആത്മഹത്യ ചെയ്യാനുള്ള കാരണം നിറകണ്ണുകളോടെ മൂസക്കുട്ടി മൊബൈലിൽ റെക്കോർഡ് ചെയ്തിരുന്നു. ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ആത്മഹത്യക്ക് പിന്നിലുള്ള കാരണം വ്യക്തമായത്.

കഴിഞ്ഞ മാസം 23 ആം തീയതിയാണ് മൂസക്കുട്ടി തൂങ്ങി മരിച്ചത്. ഭർതൃ വീട്ടിൽ തന്റെ മകൾ നേരിടുന്ന അപമാനവും,പീഡനവും അറിഞ്ഞത് മുതൽ മാനസികമായി തകർന്ന നിലയിലായിരുന്നു മൂസക്കുട്ടി. ഇക്കാര്യങ്ങൾ മൂസക്കുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് മൊബൈൽ പകർത്തിയിരുന്നു. സംസ്കാര ചടങ്ങുകൾക്ക് ശേഷം മൊബൈൽ പരിശോധിച്ചപ്പോഴാണ് കുടുംബാംഗങ്ങൾ വീഡിയോ ശ്രദ്ധിച്ചത്.

പത്ത് പവൻ നൽകാതെ മകളെ വേണ്ടെന്ന് മകളുടെ ഭർത്താവ് അബ്ദുൽ ഹമീദ് പറഞ്ഞു. മകളെ സ്ത്രീധനത്തിന്റെ പേരിൽ അബ്ദുൽ ഹമീദ് ക്രൂരമായി പീഡിപ്പിക്കുകയാണെന്നും എന്റെ വേദന കേരളം ഏറ്റെടുക്കണമെന്നും മൂസക്കുട്ടി ചിത്രീകരിച്ച വീഡിയോയിൽ പറയുന്നു.

  മാവേലിക്കര നഗരസഭയിലെ ബിജെപിയുടെ വനിത കൗൺസിലർമാരെ ആക്രമിച്ചു

രണ്ട് വർഷം മുൻപാണ് മൂസകുട്ടിയുടെ മകൾ ഹിബയെ അബ്ദുൽ ഹമീദിന് വിവാഹം ചെയ്ത് കൊടുത്തത്. വിവാഹത്തിന് ശേഷം നൽകിയ സ്ത്രീധനം കുറഞ്ഞ് പോയെന്നും പറഞ്ഞ് ഹിബയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. പിന്നീട് പത്ത് പവൻ സ്വർണം നൽകിയില്ലെങ്കിൽ മകളെ വേണ്ടെന്ന് മൂസകുട്ടിയോട് അബ്ദുൽ ഹമീദ് പറയുകയായിരുന്നു.

വിവാഹസമയത്ത് പതിനെട്ട് പവൻ സ്വർണാഭരണങ്ങൾ നൽകിയിരുന്നു. ഇത് കൂടാതെ പത്ത് പവൻ കൂടി ആവിശ്യപ്പെട്ട് മകളെ ഉപദ്രവിക്കാൻ തുടങ്ങിയതോടെ മൂസക്കുട്ടി മാനസികമായി തകരുകയായിരുന്നു. തന്റെ മുൻപിൽ വേറെ വഴിയില്ലെന്നും എന്നാൽ മകളെ ഉപദ്രവിക്കുന്നത് കണ്ട് നിൽക്കാൻ സാധിക്കുന്നില്ലെന്നും മൂസക്കുട്ടി വീഡിയോയിൽ പറയുന്നു. ഹിബയുടെ പരാതിയിൽ അബ്ദുൽ ഹമീദിനെതിനെതിരെയും കുടുംബത്തിനെതിരെയും പോലീസ് കേസെടുത്തു.

Latest news
POPPULAR NEWS