തൃശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കടത്തികൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ ബംഗാൾ സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിനിയായ സാത്തി ബീവിയാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സാത്തി ബീവി പെൺകുട്ടിയെ കടത്തിക്കൊണ്ട് പോകാനുള്ള ശ്രമം നടത്തിയത്.
ബംഗാൾ സ്വദേശിയായ തന്റെ സുഹൃത്തുമായി വിവാഹം കഴിപ്പിക്കാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പെൺകുട്ടിയെ സാത്തി ബീവി കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചത്. അന്യസംസ്ഥാന തൊഴിലാളികളായ പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് പെൺകുട്ടിയെ വീട്ടിൽ നിന്നും ഇറക്കി കൊണ്ട് പോകുകയായിരുന്നു.
പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയും തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെയും സാത്തി ബീവിയെയും പെരുമ്പാവൂരിൽ നിന്നും കണ്ടെത്തുകയുമായിരുന്നു. ചാലക്കുടി ഡിവൈഎസ്പി സിആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെയും പെൺകുട്ടിയെയും കസ്റ്റഡിയിലെടുത്തത്.
അതേസമയം ബംഗാളിലുള്ള ഭർത്താവ് അറിയാതെ പെരുമ്പാവൂരിലുള്ള പുരുഷ സുഹൃത്തിനെ കാണാനായാണ് കേരളത്തിലെത്തിയതെന്ന് യുവതി പൊലീസിന് മൊഴി നൽകി. പെൺകുട്ടിയെ കൊൽക്കത്തയിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്നും യുവതി പറഞ്ഞു. അന്തർ സംസ്ഥാന ബസിൽ യാത്ര ചെയ്യാൻ തയ്യാറെടുക്കവെയാണ് യുവതി പോലീസ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.