തിരുവനന്തപുരം : സുഹൃത്തിന്റെ മകന്റെ ഭാര്യയെ സ്വന്തം വീട്ടിൽ താമസിപ്പിച്ച് പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ വിഴിഞ്ഞം സ്വദേശി അറസ്റ്റിൽ. ലോറി വിനോദ് എന്ന് വിളിക്കുന്ന വിനോദാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ വിനോദിനെ വെങ്ങാനൂരിലെ വീട്ടിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ലോറി ഡ്രൈവറായ വിനോദ് സുഹൃത്തായ മറ്റൊരു ലോറി ഡ്രൈവറുടെ കുടുംബവുമായി വളരെ അടുപ്പത്തിലായിരുന്നു. സുഹൃത്തിന്റെ മകൻ കുറച്ച് നാളുകൾക്ക് മുൻപാണ് വിവാഹിതനായത്. എന്നാൽ ഈ വിവാഹത്തെ വീട്ടുകാർ എതിർത്തിരുന്നു. വിവാഹത്തിന് ശേഷം ഇക്കാര്യം പറഞ്ഞ് വീട്ടിൽ നിരന്തരം വഴക്ക് നടന്നിരുന്നു.
അതേസമയം വഴക്ക് പറഞ്ഞ് തീർക്കാൻ മധ്യസ്ഥത വഹിക്കാനെത്തിയ വിനോദ് സുഹൃത്തിന്റെ മകനെയും ഭാര്യയെയും പ്രശ്നങ്ങൾ തീരുന്നത് വരെ തന്റെ വീട്ടിൽ താമസിപ്പിക്കാമെന്ന് പറഞ്ഞ് ഇരുവരെയും വീട്ടിലെത്തിക്കുകയായിരുന്നു. ഇത് വിശ്വസിച്ച സുഹൃത്തിന്റെ മകനും ഭാര്യയും വിനോദിന്റെ വീട്ടിൽ താമസിച്ച് വരികയായിരുന്നു. ഇതിനിടെ ഭർത്താവ് പുറത്ത് പോയ സമയത്ത് വിനോദ് യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.