മകൻ ഉൾപ്പെട്ട ഓൺലൈൻ ക്ലാസ്സ്‌ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോ അയച്ച പിതാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

മകൻ ഉൾപ്പെട്ട ഓൺലൈൻ ക്ലാസ്സ്‌ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോ അയച്ച പിതാവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ കോടതി തള്ളി. പരപ്പനങ്ങാടി മൂച്ചിക്കൽ സ്വദേശി ഉമ്മറാണ് മകന്റെ ഓൺലൈൻ ക്ലാസിനു വേണ്ടി ഉണ്ടാക്കിയ ഭിന്നശേഷിക്കാരും അധ്യാപകരും ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോ പോസ്റ്റ് ചെയ്തത്. സ്കൂളിലെ മാറ്റൊരു കുട്ടിയുടെ സഹോദരൻ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ ഒളിവിൽ കഴിയുകയാണ് ഉമ്മർ. വള്ളിക്കുന്ന് അരിയല്ലൂരിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ അദ്ധ്യാപികയുടെ പരാതിയിന്മേൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ചൈല്‍ഡ് ലൈനിന്റെ ടോള്‍ഫ്രീ നമ്പറായ 1098 വിളിച്ച്‌ വിവരം അറിയിക്കണമെന്ന് ചൈല്‍ഡ് ലൈന്‍ ഭാരവാഹികള്‍ അറിയിച്ചു.