നെയ്യാറ്റിൻകര : മതസ്പർദ്ധ വളർത്തുന്ന തരത്തിൽ വീഡിയോ നിർമ്മിക്കുകയും യൂട്യൂബ് ചാനലിലൂടെ പ്രദർശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. ഡെമോക്രറ്റ്സ് ന്യൂസ് എന്ന യുട്യൂബ് ചാനൽ അവതാരകനായ മണലൂർ കണിയാംകുളം സ്വദേശി ബാദുഷ ജമാൽ (32) ആണ് അറസ്റ്റിലായത്. വീഡിയോ പബ്ലിഷ് ചെയ്യാനുപയോഗിച്ച ഇയാളുടെ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.
വഴിമുക്ക് സ്വദേശി നിസാമും കുടുംബവും ആക്രമിക്കപ്പെട്ട സംഭവം മതസ്പർദ്ധ വളർത്തുന്ന രീതിയിലാണ് ബാദുഷ ജമാൽ റിപ്പോർട്ട് ചെയ്തത്. മുസ്ലിം കുടുംബമായതിനാലാണ് അവർ അക്രമിക്കപെട്ടതെന്നും പ്രത്യേക മതവിഭാഗമായതിനാലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതെന്നും ബാദുഷ വീഡിയോയിൽ പറയുന്നു. മുസ്ലിം കുടുംബത്തെ അവിടെ നിന്നും ഓടിക്കാനാണ് ശ്രമിക്കുന്നത് എന്നാൽ സംഘപരിവാർ പ്രവർത്തകർ അല്ല സിപിഎം പ്രവർത്തകരാണ് ഇതിന് പിന്നിലെന്നും ബാദുഷ വീഡിയോയിൽ പറഞ്ഞു.
മേത്തന്മാർ ആരും ഇവിടെ താമസിക്കണ്ട എന്ന് പറഞ്ഞാണ് നിസാമിനെയും കുടുംബത്തെയും ആക്രമിച്ചത്. എന്നാൽ പോലീസ് പറയുന്നത് കഞ്ചാവ് സംഘമാണ് ആക്രമിച്ചു എന്നാണെന്നും ബാദുഷ ജമാൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. അതേസമയം ബാദുഷ ഒന്നിലധീകം വീഡിയോകൾ മതസ്പർദ്ധ വളർത്തുന്ന തരത്തിൽ യുട്യൂബ് ചാനൽ വഴി പബ്ലിഷ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു. അഞ്ച് വർഷങ്ങൾക്ക് മുൻപ് പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഇയക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.