കൊച്ചി: വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത പി പി മത്തായി മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു ഹൈക്കോടതി. മത്തായിയുടെ ഭാര്യ ഷീബ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസ് സിബിഐയ്ക്ക് കൈമാറുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാതിരുന്നത് എന്താണെന്ന് കോടതി ചോദിച്ചപ്പോൾ വിശദാംശങ്ങൾ തുറന്ന കോടതിയിൽ വെളിപ്പെടുത്താനാവില്ലന്നായിരുന്നു സർക്കാർ അഭിഭാഷകൻ മറുപടി.
മത്തായിയുടെ മൃതദേഹം എന്തുകൊണ്ട് മറവ് ചെയ്യുന്നില്ലന്നുള്ള കാര്യവും കോടതി ഹർജിക്കാരോട് ചോദിച്ചു. മത്തായിയുടെ മൃതദേഹം സംസ്കരിക്കുന്നതിന് വേണ്ടെന്ന് കാര്യങ്ങൾ ചെയ്യണമെന്ന് കോടതി ഭാര്യയോട് ആവശ്യപ്പെട്ടു. മത്തായിയുടെ മരണം സംബന്ധിച്ചുള്ള കാര്യം സിബിഐക്ക് വിടുന്നതിനുള്ള ശുപാർശയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചിരുന്നു. തുടർന്ന് ശുപാർശ സംസ്ഥാന സർക്കാർ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് അയച്ചു. കഴിഞ്ഞ ജൂലൈ 28ന് ചിറ്റാർ ഫോറസ്റ്റ് വനപാലകർ മത്തായിയെ വീട്ടിൽനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീടാണ് മത്തായിയുടെ മരണവിവരം ബന്ധുക്കൾ അറിയുന്നത്. കേസ് അന്വേഷിക്കുന്നത് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് സംഘം ആണ്. എന്നാൽ ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് ആരെയും പ്രതികരിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. സംഭവത്തിൽ രണ്ട് വനപാലകരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.