മത്തായിയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യേണ്ടിവരുമെന്ന് സിബിഐ

പത്തനംതിട്ട: വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട പത്തനംതിട്ട അരീക്കക്കാവ് സ്വദേശിയായ മത്തായിയുടെ മൃതദേഹം സംസ്കരിക്കുന്നത് ഇനിയും വൈകും. കഴിഞ്ഞദിവസം മത്തായിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റീ പോസ്റ്റ്മോർട്ടം നടത്തേണ്ടി വരുമെന്ന് സിബിഐ മത്തായിയുടെ ഭാര്യ ഷീബയെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് മത്തായിയുടെ ഭാര്യയെ വിളിച്ചുവരുത്തിയാണ് ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ ശേഖരിച്ചത്. നാലു മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ പോസ്റ്റുമോർട്ടം വേണ്ടിവന്നേക്കുമെന്നാണ് ഉദ്യോഗസ്ഥർ ഷീബയെ അറിയിച്ചത്. ഇതിനെ തുടർന്ന് മൃതദേഹം സംസ്കരിക്കുന്ന കാര്യത്തിൽ കാലതാമസം വരുമെന്നാണ് കരുതുന്നത്. മത്തായി മരിച്ചിട്ട് ഏകദേശം ഒരു മാസത്തോളമാകാറായിരിക്കുകയാണ്.

മരണവുമായി ബന്ധപ്പെട്ട് തുടക്കംമുതലേ സമഗ്രമായ രീതിയിലുള്ള അന്വേഷണം വേണമെന്നുള്ള ആവശ്യം നിലനിന്നിരുന്നു. കേസിൽ വനപാലകരെ അറസ്റ്റ് ചെയ്യാത്തപക്ഷം മൃതദേഹം സംസ്കരിക്കില്ലെന്നുള്ള നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് കുടുംബം. റീ പോസ്റ്റ് മോർട്ടം ആവശ്യമാണെങ്കിൽ അത് കഴിഞ്ഞു സംസ്കാരം നടത്താമെന്നുള്ള നിലപാടിലാണ് കുടുംബം. ജൂലൈ 28 നാണ് മത്തായിയെ ചിറ്റാർ കുടപ്പനയിലെ ഫാമിന് സമീപത്തായുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.