മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുള്ള ഈദ്ഗാഹ് പള്ളി നീക്കം ചെയ്യണമെന്നുള്ള ആവശ്യമുന്നയിച്ചുകൊണ്ട് സന്യാസിമാർ രംഗത്ത്

മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുള്ള ഈദ്ഗാഹ് പള്ളി നീക്കം ചെയ്യണമെന്നുള്ള ആവശ്യമുന്നയിച്ചുകൊണ്ട് സന്യാസിമാർ രംഗത്ത്. രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ നിന്നുള്ള എൺപതോളം സന്യാസിമാർ ചേർന്ന് രൂപീകരിച്ച ശ്രീകൃഷ്ണ ജന്മഭൂമി നിർമ്മാൺ ന്യാസ് ആണ് ആവശ്യമായി രംഗത്തെത്തിയിരിക്കുന്നത്. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായി രൂപീകരിച്ച ശ്രീരാമ ജന്മഭൂമി ന്യാസിന്റെ അതേ മാതൃകയിൽ തന്നെയാണ് ശ്രീകൃഷ്ണ ജന്മഭൂമി നിർമ്മാൺ ന്യാസും രൂപീകരിച്ചിരിക്കുന്നത്. ഈ സംഘടനയുടെ ചെയർമാൻ ആചാര്യദേവ് മുരാരി ബാപുവാണ്. ഈദ്ഗാഹ് പള്ളി നീക്കംചെയ്തുകൊണ്ട് കൃഷ്ണ ജന്മഭൂമിയുടെ മോചനത്തിനുള്ള ആവശ്യവുമായി ഒപ്പ് ശേഖരണ ക്യാമ്പയിനും സംഘടന ഉടൻതന്നെ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒപ്പ് ശേഖരണം പൂർത്തിയായ ശേഷം രാജ്യവ്യാപകമായി പ്രക്ഷോപവും സംഘടിപ്പിക്കും. 2020 ഫെബ്രുവരിയിൽ ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ക്യാമ്പയിൻ ആരംഭിച്ചിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധിമൂലം രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നതിനാൽ ക്യാമ്പയിന് കാര്യമായ പുരോഗതി ലഭിച്ചിരുന്നില്ല. പള്ളി സ്ഥിതി ചെയ്യുന്നത് ക്ഷേത്രത്തിന്റെ നാലര ഏക്കർ ഭൂമിയിലാണെന്നാണ് ഇവർ വാദിക്കുന്നത്. ഈ സ്ഥലം വീണ്ടെടുത്ത് മത-സാംസ്കാരിക ചടങ്ങുകൾ നടത്തുന്നതിന്റെ ഭാഗമായുള്ള ഹാൾ നിർമ്മിക്കാനുള്ള നീക്കമാണ് ക്ഷേത്രാധികൃതർ നടത്തുന്നത്. അയോദ്ധ്യയിൽ രാമജന്മഭൂമി മോചിപ്പിച്ചതുപോലെ ശ്രീകൃഷ്ണ ജന്മഭൂമിയും വരാണസിയിൽ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഭൂമിയും മോചിപ്പിക്കുകയെന്നുള്ളത് തങ്ങളുടെ അടുത്ത അജണ്ടയാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭാഗമായുള്ള ഭൂമിപൂജയും തറക്കല്ലിടലും നടത്തിയത്.

Advertisements

Advertisements
- Advertisement -
Latest news
POPPULAR NEWS