തിരുവനന്തപുരം: കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ സിപിഎം നടത്തിയ മനുഷ്യ ശൃംഖലയിൽ പങ്കെടുത്ത വിദേശികളെ കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച് കേരള പോലീസിനോട് കേന്ദ്ര ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് തേടി. ഇന്ത്യൻ സർക്കാരിനെതിരെയോ ഇന്ത്യയുടെ നിയമത്തിനെതിരെയോ സംഘടിപ്പിക്കുന്ന പരിപാടികളിൽ വിദേശികൾ പങ്കെടുത്താൽ അത് വിസ വിസ ചട്ടങ്ങൾ ലംഘിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യൻ ഫോറിനേഴ്സ് ആക്ട് 1946, ഇന്ത്യൻ ഫോറിനേഴ്സ് ആക്ട് 2004 പ്രകാരം വിസ ചട്ടങ്ങൾ ലംഘിക്കുകയാണ് വിദേശികൾ ചെയ്തത്.
ഇത്തരത്തിൽ സമരത്തിൽ പങ്കെടുത്ത വിദേശ പൗരന്മാരെ ഇതിനുമുമ്പ് തിരിച്ച് അയച്ചിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ നടത്താൻ വേണ്ടി ഇവരെ പ്രേരിപ്പിച്ച വർക്കെതിരെയും നടപടിയെടുക്കുമെന്ന് ഇന്റലിജൻസ് വിഭാഗം വ്യക്തമാക്കി. കലാമണ്ഡലത്തിന് മുന്നിൽ നടന്ന മനുഷ്യ ശൃംഖലയിൽ പങ്കെടുത്ത അധ്യാപകർക്കൊപ്പം അവിടെയുണ്ടായിരുന്ന കുറെ വിദേശികളും പങ്കെടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സിപിഎം നേതാക്കളും പ്രവർത്തകരും വ്യാപകമായി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇതിന്റെ പ്രത്യാഘാതം മനസ്സിലാക്കിയ പ്രവർത്തകരും നേതാക്കന്മാരും വീഡിയോയും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ നിന്നും പിൻവലിക്കുകയായിരുന്നു.
കഴിഞ്ഞമാസം എറണാകുളത്ത് പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന മാർച്ചിൽ പങ്കെടുക്കുകയും, നിയമത്തിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്ത നോർവേ സ്വദേശിനി ജയിൻ മെറ്റ് ജൊഹാൻസണിനെ രാജ്യത്തിന്റെ വിസാ ചട്ടങ്ങൾ ലംഘിച്ചതിന് നടപടിയെടുത്തു രാജ്യത്ത് നിന്നും പുറത്താക്കിയിരുന്നു.