മയക്ക് മരുന്ന് മാഫിയയുമായി സ്വപ്ന സുരേഷിന് ബന്ധം ? നിശാപാർട്ടിയിൽ മദ്യത്തോടൊപ്പം മയക്ക് മരുന്നും വിളമ്പിയതായി കണ്ടെത്തൽ

കൊച്ചി: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിൽ അറസ്റ്റിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന് ഫോണിൽ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ കെ ടി റമീസിന്റെ ഫോൺ നമ്പർ മോളി എന്ന പേരിൽ സേവ് ചെയ്തിരിക്കുന്നതായി കണ്ടെത്തി. മയക്കുമരുന്ന് കേസിലെ പ്രതികൾ വില്പന ചെയ്യുന്ന എം ഡി എം എ എന്ന് പേരുള്ള രാസലഹരി മോളി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത് നടത്തിയ സംഭവത്തിൽ ദുബായിൽ നിന്നും സ്വർണം വാങ്ങുന്നതിനുള്ള പണം കണ്ടെത്തുന്നതിന് വേണ്ടി ബാംഗ്ലൂരിലെ ലഹരിമരുന്ന് റാക്കറ്റിനെയും സഹായം തേടിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ചോർന്നതിന് പിന്നിൽ ബാംഗ്ലൂരിലെ ലഹരിമരുന്നു റാക്കറ്റാണെന്നും പ്രതികളിൽ ചിലർ മൊഴി നൽകിയിട്ടുണ്ട്. സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ്, പി എസ് സരിത്, സന്ദീപ് നായർ എന്നിവർ കസ്റ്റഡിയിലായതോടെ റമീസ് തന്റെ ഒരു ഫോൺ നശിപ്പിച്ചതായും പറയുന്നു. മറ്റു രണ്ടു ഫോണുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. റമീസ് തന്റെ ഒരു ഫോൺ എന്തിനാണ് നശിപ്പിച്ചതെന്നുള്ള കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് റമീസ് വ്യക്തമായ രീതിയിലുള്ള മറുപടി നൽകിയിട്ടില്ല.

സംഭവുമായി ബന്ധപ്പെട്ട് റമീസിനെ വീണ്ടും ചോദ്യം ചെയ്തേക്കും. സ്വപ്ന സുരേഷിനും റമീസിനും ലഹരിമരുന്ന് കൈമാറിയിരുന്നുവോ എന്നുള്ള കാര്യത്തിലും സംശയം നിലനിൽക്കുന്നുണ്ട്. ഇവർ നടത്തിയിരുന്ന ചില പാർട്ടികളിൽ മദ്യത്തോടൊപ്പം ലഹരിമരുന്നും വിളമ്പിയിരുന്നുവെന്നുള്ള കാര്യത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറും അന്വേഷണസംഘത്തോട് ചില സംശയങ്ങൾ പ്രകടിപ്പിക്കുകയുണ്ടായി. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ റമീസ് ആഫ്രിക്കൻ രാജ്യമായ ടാൻസാനിയ സന്ദർശിച്ചത് ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കർണാടകയിൽ അറസ്റ്റിലായ കന്നട സീരിയൽ നടി അനിഖയുടെ ഭർത്താവിനൊപ്പമാണെന്നാണ് ലഭിക്കുന്ന വിവരം.

നൈജീരിയൻ സ്വദേശിയാണ് അനിഖയുടെ ഭർത്താവ്. ബാംഗ്ലൂരിൽ പിടിയിലായ ലഹരി റാക്കറ്റും സ്വർണക്കടത്തു കേസിലെ പ്രതികളും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നുള്ളതിന് ഏറ്റവും വലിയ സൂചനകളാണിത്. എന്നാൽ മരഉരുപ്പടികൾ ഇറക്കുമതി ചെയ്യുന്നതിന്റെ ഭാഗമായാണ് ടാൻസനിയ സന്ദർശിച്ചതെന്നാണ് റമീസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള മൊഴി.