കറുത്ത നിറമുള്ള സ്യൂട്ടും ധരിച്ചു ശവമഞ്ചം തോളിലേന്തി നൃത്തച്ചുവടുകൾ വെച്ചു മുന്നോട്ട് പോകുന്ന ഒരുകൂട്ടം മനുഷ്യരുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് പലരും കാണാനിടയായിട്ടുണ്ട്. പലരും വിചാരിച്ചിട്ടുണ്ടാകും ഈ കാണുന്നത് സിനിമയിലെ രംഗങ്ങൾ ആണെന്നു. എന്നാൽ അവർക്ക് തെറ്റി. ഇത് സിനിമയല്ല, ഇവരുടെ ജീവിതമാർഗ്ഗമാണിത്. ഇതിന്റെ പേര് “ഡാൻസിങ് പോൾബിയറേഴ്സ് ” എന്നാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽ മൃതദേഹം സംസ്കരിക്കുന്നതിനു വേണ്ടി ശവമഞ്ചം ചുമക്കുന്നവരെയാണ് പൊൽബിയറേഴ്സ് എന്ന് വിളിക്കുന്നത്.
പലയിടങ്ങളിലും മരിച്ചവരുടെ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ഒക്കെയാണ് ഇത്തരത്തിൽ ശവമഞ്ചം ചുമക്കാറുള്ളത്. ഘാനകാരനായ ബെഞ്ചമിൻ ഐഡുവിന്റെ മനസ്സിൽ നിന്നും വന്ന ആശയമാണിത്. മരണപ്പെട്ടവരുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്ര അആഘോഷമാക്കുക എന്ന ചിന്തയിൽ നിന്നുമാണ് ഇത്തരം ഒരു ഡാൻസിന് ജന്മം നൽകിയത്. 2003 -2004 കാലഘട്ടങ്ങളിൽ ബെഞ്ചമിൻ ഐഡു ആയിരുന്നു ശവസംസ്കാര ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചിരുന്നത്. എന്നാൽ സംസ്കാര ചടങ്ങുകളിലും മല്സരങ്ങൾ ഉയർന്നു വന്നതിനെ തുടർന്ന് അദ്ദേഹത്തെ വ്യത്യസ്തമായ രീതിയിലുള്ള ആശയങ്ങൾ മുന്നോട്ട് വെയ്ക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് ഇത്തരത്തിൽ ശവമഞ്ചം വഹിച്ചുകൊണ്ടുള്ള യാത്ര ആഘോഷമാക്കി തീർക്കാൻ ഉള്ള തീരുമാനം ഉണ്ടായത്.
ഡാൻസിങ് പൊൽബിയറേഴ്സ് ഓരോ സംസ്കാര ചടങ്ങിനും ഓരോ രീതിയിലുള്ള ഡാൻസുകളാണ് ചെയ്യാറുള്ളത്. അതിനായി പ്രത്യേക രീതിയിലുള്ള വസ്ത്രങ്ങളും മറ്റും ഇവർ അണിഞ്ഞു കൊണ്ട് ആളുകളിൽ ആകൃഷ്ടരാകുന്നു. പൊൽബിയറേഴ്സ് ഡാൻസിനൊപ്പം സ്ത്രീകളും കുട്ടികളും ബാൻഡ് മേളവുമെല്ലാം ചേരുമ്പോൾ സാംസ്കാര ചടങ്ങിന് ഭംഗിയുണ്ടാകുന്നുവെന്നാണ് ഇവർ പറയുന്നത്.