മരുന്ന് മാഫിയയെ സഹായിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്പ്രിംഗ്ളർ കരാറിൽ ഒപ്പിട്ടതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരള സർക്കാർ ശ്രമിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന മരുന്ന് മാഫിയയെ സഹായിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിന്റെ ഭാഗമാണ് സ്പ്രിഗിളറുമായി സർക്കാർ കരാറിൽ ഒപ്പിട്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ ചികിത്സ രംഗത്തെ മേന്മകൾ പെരുപ്പിച്ചു കാട്ടുന്നതെല്ലാം ഗൂഢാലോചനനയുടെ ഭാഗമാണെന്നും കേരളത്തിൽ നിന്നും ശേഖരിക്കുന്ന ഡേറ്റകൾ വിലപ്പെട്ടതാക്കി ചിത്രീകരിക്കുവാനുമുള്ള ശ്രമമാണ് നടത്തുന്നത്. ഇത്തരം പ്രചാരണങ്ങൾക്കായി പ്രത്യേമായി സർക്കാർ ആളുകളെ നിയോഗിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പി ആർ വർക്ക് തനിക്ക് ഇല്ലെന്നാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതെന്നും എന്നാൽ പിആർ ഏജൻസിയുടെ സഹായത്തോടെ പുറത്ത് പ്രചാരണം നടത്തുകയാണെന്നും കെ സുരേന്ദ്രൻ സർക്കാരിനെ കുറ്റപ്പെടുത്തി.

ഇതിനായി കേരളത്തിൽ നിന്നുള്ള ഒരാളെയും പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരാളെയുമാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ കേരളത്തെ കുറിച്ചുള്ള വാർത്തകൾ നൽകുന്നതിനുവേണ്ടി നിയോഗിച്ചിട്ടുള്ളത്. ഇവർ യൂറോപ്പിലും ആഫ്രിക്കയിലും അമേരിക്കയിലും മറ്റുമുള്ള മാധ്യമങ്ങളിൽ കേരളത്തെ പുകഴ്ത്തിക്കൊണ്ടുള്ള വാർത്തകളും ലേഖനങ്ങളും നൽകുന്നുണ്ടെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. രണ്ടുമാസത്തോളമായിട്ടുള്ള കൊറോണാ സംബന്ധിച്ച് കേരളത്തെ പുകഴ്ത്തിക്കൊണ്ടും പ്രശംസിച്ചുകൊണ്ടുമുള്ള വാർത്തകൾ ഒരേ രീതിയിലാണ് അന്താരാഷ്ട്ര പത്രങ്ങളിലും മറ്റും ഇവർ നൽകിയിരുന്നത്. ചില രാഷ്ട്രങ്ങളിൽ പ്രാദേശിക ഭാഷയിലും വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇത്തരം സംഭവങ്ങൾ പുറത്തുവന്നതോടെയാണ് തനിക്ക് പിആർ ഏജൻസിയുടെ സഹായം ആവശ്യമില്ലെന്നുള്ള കാര്യം മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണെന്ന് മനസ്സിലായത്.

കേരളത്തിന്റെ ഡാറ്റ വലുതാക്കി കാണിക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. പിആർ വർക്ക് പുറത്തുവന്നതിനെ തുടർന്ന് സ്പ്രിംഗ്ലർ വിഷയത്തിൽ സർക്കാർ മലക്കം മറിയുകയാണെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിലെ ലക്ഷക്കണക്കിനാളുകളുടെ ആരോഗ്യവിവരങ്ങൾ കമ്പനിയിലൂടെ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുകയാണെന്നും സർക്കാർ ഈ കരാറിൽ നിന്നും പൂർണമായി പിന്മാറാണമെന്നും അതിൽ ദുരൂഹതയുണ്ടെന്നും സർക്കാർ ഈ കമ്പനിയുമായുള്ള ഇടപാടുകൾ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്പ്രിംഗ്ലർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സത്യം തുറന്നുപറയാൻ തയ്യാറാകണമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.