മര്യാദകെട്ടവരുമായി കൂട്ടു വേണ്ടന്ന് വെക്കാൻ ഉള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടില്ല ; പി എം മനോജ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിനിടയിൽ ചോദ്യം ചോദിക്കരുതെന്ന് പറഞ്ഞ് പ്രസ് സെക്രട്ടറി പി എം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാധ്യമ പ്രവർത്തകർ സംഘടിച്ചെത്തുകയും മര്യാദയില്ലാത്ത തരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിക്കുകയുമാണെന്ന് പി എം മനോജ് ആരോപിക്കുന്നു. ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധത്തെ കുറിച്ച് ചിലമാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഷുഭിതനാവുകയായിരുന്നു. എന്നാൽ പലപ്പോഴും ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ വേണ്ടിയുള്ള നിലപാടുകൾ സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് ഇത്തവണ മാധ്യമപ്രവർത്തകർ വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടേയിരുന്നു. ഇതിന് പിന്നാലെയാണ് മുതിർന്ന മാധ്യമ പ്രവർത്തകനും പ്രസ് സെക്രട്ടറിയുമായ പി എം മനോജ് രംഗത്തെത്തിയത്.

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കുന്നവരോട് കൂട്ടില്ലെന്നും പിണറായിയെ പേടിയായതിനാലാണ് ഒരേ സ്ഥാപനത്തിൽ നിന്നുപോലും ഒന്നിൽ കൂടുതൽപേർ വരുന്നതെന്നും മനോജ് പറയുന്നു. എന്നാൽ മനോജിന്റെ വിമർശനത്തിനെതിരെ മാധ്യമപ്രവർത്തകനായ വിനു വി ജോൺ രംഗത്തെത്തിയിരിക്കുകയാണ്. കേവലം ഒരു പാർട്ടിയെ പോലെ സർക്കാർ ശമ്പളം വാങ്ങുന്ന മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്നും വിനു ട്വിറ്റ് ചെയ്തു. വാർത്താസമ്മേളനത്തിൽ ആരൊക്കെ വരണമെന്നും എത്രപേർ വരണമെന്നും എന്തൊക്കെ ചോദിക്കണമെന്നുള്ള കാര്യം മാധ്യമ സ്വാതന്ത്ര്യമാണെന്നും വിനു ജോൺ ട്വീറ്റ് ചെയ്തു. എന്നാൽ വിനുവിന്റെ ട്വീറ്റിന് മറുപടിയുമായി വീണ്ടും പി എം മനോജ് രംഗത്തെത്തുകയായിരുന്നു. മര്യാദകേടിനെ മര്യാദയെന്ന് വിളിക്കാനുള്ള ശമ്പളം ഒരു സർക്കാരും ആർക്കും നൽകുന്നില്ല.

Also Read  എല്ലാം ചെയ്ത് തരില്ലേ ? ചെയ്തു തരും രഹസ്യമായിരിക്കണം ; സംസ്ഥാനത്ത് പുരുഷ വേശ്യകൾ സജീവം, ആവശ്യക്കാരും ഏറെയെന്ന് റിപ്പോർട്ട്

മര്യാദകെട്ടവരുമായി കൂട്ടു വേണ്ടന്ന് വെക്കാൻ ഉള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടില്ല. പോയി തരത്തിൽ കളിക്ക്. എന്നായിരുന്നു വിനുവിന് പി എം മനോജ് ഫേസ്ബുക്കിലൂടെ മറുപടി നൽകിയത്. ഇതിനുമുൻപും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങൾ ചോദിക്കുന്ന ഏഷ്യാനെറ്റിലെ മാധ്യമപ്രവർത്തകരോട് പരിഹാസവുമായി പി എം മനോജ് രംഗത്തെത്തിയിരുന്നു. ഈ സംഭവങ്ങളെല്ലാം മുൻനിർത്തി കൊണ്ടാണ് വിനു വി ജോൺ ട്വീറ്റ് ചെയ്തത്.