മലപ്പുറം : അപകടകരമായി കാർ ഡ്രൈവ് ചെയ്തത് ചോദ്യം ചെയ്ത സഹോദരിമാർക്ക് മർദ്ദനം. കാർ ഡ്രൈവർ തിരൂരങ്ങാടി സ്വദേശി ഇബ്രാഹീം ഷബീറാണ് സഹോദരിമാരായ പെൺകുട്ടികളെ നടുറോട്ടിൽ മർദിച്ചത്. യുവാവ് സഹോദരിമാരിൽ ഒരാളുടെ മുഖത്ത് അഞ്ച് പ്രാവിശ്യം അടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.
മലപ്പുറം പാണമ്പ്രയിൽ വെച്ചാണ് സംഭവം നടന്നത്. ട്രാഫിക്ക് നിയമം തെറ്റിച്ച് പെൺകുട്ടികളുടെ സ്‌കൂട്ടറിനെ മറികടന്ന യുവാവിനെ ചോദ്യം ചെയ്ത പെൺകുട്ടികളുടെ സ്കൂട്ടറിന് മുൻപിൽ കാർ നിർത്തി ഇറങ്ങിയ യുവാവ് ക്രൂരമായി മർദിക്കുകയായിരുന്നു. ഇക്കഴിഞ്ഞ പത്തനാറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെൺകുട്ടികളുടെ പരാതിയിൽ പോലീസ് കേസെടുത്തെങ്കിലും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. പ്രാദേശിക മുസ്ലിം ലീഗ് നേതാവിന്റെ മകനാണ് ഇബ്രാഹീം ഷബീർ. പെൺകുട്ടികളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. കേസ് ഒതുക്കി തീർക്കാൻ പോലീസ് ശ്രമിച്ചതായി പെൺകുട്ടികൾ ആരോപിക്കുന്നു. നിങ്ങൾ നോക്കി വണ്ടി ഓടിക്കേണ്ടെ എന്നാണ് പോലീസ് പറഞ്ഞതെന്ന് പെൺകുട്ടികൾ മാധ്യമങ്ങളോട് പറഞ്ഞു.