മലയാളി ദേശീയ ബാസ്കറ്റ് ബോൾ താരത്തെ പാട്‌ന ഗാന്ധിനഗറിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബീഹാർ : മലയാളി ദേശീയ ബാസ്കറ്റ് ബോൾ താരത്തെ പാട്‌ന ഗാന്ധിനഗറിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിനിയായ ലതീരയെയാണ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദാനപൂർ റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്തുവരികയായിരുന്നു ലതീര.

ഇന്നലെ മുതൽ ലതീരയുടെ മൊബൈൽ ഫോൺ സ്വിച്ചിട് ഓഫായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഫോണിൽ വിളിച്ചിട്ട് കിട്ടത്തതിനെ തുടർന്ന് വീട്ടുടമയെ വിവരമറിയിക്കുകയായിരുന്നു. വീട്ടുടമ അന്വേഷിച്ച് എത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുടമ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ലതീരയുടെ മുറിയിൽ നിന്നും പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. എന്നാൽ കുറിപ്പിലെ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. ലതീരയുടെ മൃതദേഹം കേരളത്തിൽ എത്തിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.