മാധ്യമ ധാർമികത ദൗർബല്യമല്ല, ഉത്തരവാദിത്വമാണ്: ഇങ്ങനെ അവിവേകികൾക്ക് വേണ്ടി തരം താഴുന്നത് ആർക്കുവേണ്ടിയെന്നു ശോഭാ സുരേന്ദ്രൻ

ഡൽഹിയിൽ നടന്ന സംഭവത്തെ കേരളത്തിലെ ചില മാധ്യമങ്ങൾ വളച്ചൊടിക്കാൻ ശ്രമിക്കുന്നത് മാധ്യമ ധർമ്മത്തിന് ചേർന്നതല്ലന്നും അവർ അവിവേകികൾക്ക് വേണ്ടി തരം താഴുന്ന പ്രവർത്തിയാണ് കാണിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. പുലർച്ചെ മുതൽ രാത്രി വൈകുവോളം 24 മണിക്കൂറും വന്നുകൊണ്ടിരിക്കുന്ന വാർത്തകളിൽ മായം കലർത്തിയത് മലിനമാക്കിയാണ് സംപ്രേഷണം ചെയ്യുന്നതെന്നും ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഇക്കാര്യം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പങ്കുവെച്ചത്. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

ഡല്‍ഹി സംഘര്‍ഷത്തെ കേരളത്തിലെ മാധ്യമങ്ങള്‍, പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി മാധ്യമധാര്‍മികതയ്ക്കു മാത്രമല്ല ജനാധിപത്യപരമായ എല്ലാത്തരം സാമാന്യമര്യാദകളുടെയും ലംഘനമാണ്. ഷാനി, വേണു, വിനു, സനീഷ്, അഭിലാഷുമാര്‍ കേരളത്തിലെ ശീതീകരിച്ച ചാനല്‍ സ്റ്റുഡിയോകളിരുന്ന് വള്ളംകളി കമന്റേറ്ററുടെ ആവേശത്തോടെ ‘കത്തുന്ന ഡല്‍ഹി’യെ അവതരിപ്പിക്കുന്ന കാഴ്ചയാണ് ഈ ദിവസങ്ങളില്‍ കണ്ടത്. അവര്‍ക്കിത് പ്രത്യേകിച്ചു സാമൂഹിക പ്രതിബദ്ധതയൊന്നുമില്ലാത്ത ഒരു ജോലി മാത്രമാണ്. ചെയ്യുന്ന ജോലി കഴിയുന്നത്ര ഉഷാറായി നിര്‍വഹിക്കുന്നുവെന്നു മാത്രം. അതിനിടെ മണ്ണില്‍ വീഴുന്ന രക്തത്തേക്കുറിച്ചും തകരുന്ന പരസ്പര വിശ്വാസത്തേക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ പടരുന്ന ഭീതിയേക്കുറിച്ചും യാതൊരു ആശങ്കയുമില്ലാത്ത ഒരു കൂട്ടമായി മാറരുത് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കാനേ കഴിയുന്നുള്ളു. രാജ്യമാണ് വലുത്, സമാധാനമാണ് വലുത്, വസ്തുതകളാണ് പ്രധാനം. സത്യങ്ങള്‍ മറച്ചുവയ്ക്കപ്പെടരുത്്, നിങ്ങള്‍ക്ക് ഇഷ്ടവും താല്‍പര്യവുമുള്ള ദൃശ്യങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് സംപ്രേഷണം ചെയ്യുന്നത് ശരിയായ മാധ്യമ പ്രവര്‍ത്തനമല്ല.

രാത്രി ചര്‍ച്ചകളേക്കുറിച്ചു മാത്രമല്ല ഈ പറയുന്നത്. പുലര്‍ച്ചെ മുതല്‍ രാത്രി വൈകുവോളം 24 മണിക്കൂറും വന്നുകൊണ്ടേയിരിക്കുന്ന വാര്‍ത്തകള്‍ മായം കലര്‍ന്ന് മലീമസമായിരിക്കുന്നു. വസ്്തുതകളില്‍ വിഷം കലര്‍ത്തരുത് എന്ന് ഓര്‍മിപ്പിക്കാന്‍ ബിജെപി നേതാക്കളുടെ വാക്കുകളെ നിങ്ങള്‍ക്കു വിശ്വാസമില്ലെങ്കില്‍ നിങ്ങള്‍ക്കു പ്രിയപ്പെട്ട ഡല്‍ഹി മുഖ്യമന്ത്രിയുടെ വാക്കുകളെങ്കിലും വിശ്വസിക്കൂ. രണ്ടു ഭാഗത്തും ആളുകള്‍ കൊല്ലപ്പെട്ടു, പരിക്കേറ്റു, നാശനഷ്ടങ്ങളുണ്ടായി എന്നല്ലേ സംശയരഹിതമായി അദ്ദേഹം പറഞ്ഞത്. ഇന്ത്യയില്‍ ആദ്യമായല്ല വര്‍ഗീയകലാപങ്ങള്‍. ഈ രാജ്യത്തെ ജിന്നയ്ക്കും കൂട്ടര്‍ക്കും വേണ്ടി വെട്ടിമുറിച്ചപ്പോള്‍ ഉണ്ടായതിലും വലിയ കലാപമൊന്നും പിന്നീട് ഉണ്ടായിട്ടുമില്ല. പക്ഷേ, ഒരു വിഭാഗം സഹോദര സമുദായത്തെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നുവെന്നും മുസ്്‌ലിം ചേരി അപ്പാടെ കത്തിച്ചുവെന്നും മറ്റും മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നത് കേള്‍ക്കുന്ന ആളുകളില്‍ ഉണ്ടാക്കുന്ന വൈകാരികാവസ്ഥ മനസ്സിലാക്കണം.

അവരവരോടും സ്വന്തം നാടിനോടും പ്രബദ്ധതയുള്ളവര്‍ ഇങ്ങനെ അവിവേകികളായി തരംതാഴില്ല.
മാധ്യമങ്ങള്‍ പാലിക്കേണ്ട മര്യാദകള്‍ ഇതേവരെ പഠിക്കാനായിട്ടില്ലെങ്കില്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍-ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഒരു വട്ടമെങ്കിലും വായിക്കണം. നുണകളും അര്‍ധസത്യങ്ങളും പ്രചരിപ്പിക്കരുത് എന്ന നിര്‍ദേശമെങ്കിലും ഉള്‍ക്കൊള്ളണം. നിങ്ങള്‍ക്ക് തോന്നുംപോലെ അഴിഞ്ഞാടാന്‍ കഴിയുന്ന ഇടമല്ല ജനാധിപത്യ ഇന്ത്യ എന്ന താക്കീത് അതില്‍ അടങ്ങിയിട്ടുണ്ട് എന്നും മനസ്സിലാക്കുക.