മാവോയിസ്റ്റ് കേസിൽ അലനും താഹയ്ക്കും ജാമ്യം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് എം എ ബേബി

കോഴിക്കോട്: പന്തീരങ്കാവ് മാവോയിസ്റ്റ് കേസുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലെടുത്ത വിദ്യാർഥികളായ അലൈൻ ശുഐബിനും താഹ ഫസിലിനും ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. രാഷ്ട്രീയപ്രവർത്തകരെ യുഎപിഎ ചുമത്തി ജയിലിൽ അടയ്ക്കുന്നതിന് സിപിഎം എതിരാണെന്നും ഇന്ത്യയിലെ വിവിധ ജയിലുകളിലായി കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാർക്കും ഇതുപോലെ ജാമ്യം നൽകേണ്ടത് ആവശ്യമാണെന്നും എം എ ബേബി ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. അദ്ദേഹത്തിന്റെ കുറുപ്പിന്റെ പൂർണരൂപം വായിക്കാം.

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അലൻ ശുഐബിനും താഹാ ഫസലിനും എൻ ഐഎ കോടതി ജാമ്യം അനുവദിച്ചതിൽ അതിയായ സന്തോഷം. വിദ്യാർത്ഥികളായിരുന്ന ഇവർ ഇരുവരുടെയും പേരിൽ പോലീസും എൻഐഎയും ഉയർത്തിയ ആരോപണം മാവോയിസ്റ്റ് ബന്ധം എന്നതാണ്. ഇവർ മറ്റ് എന്തെങ്കിലും നിയമവിരുദ്ധ ക്രിമിനൽപ്രവർത്തനം നടത്തിതായി ആരോപണം ഇല്ല. രാഷ്ട്രീയ പ്രവർത്തകരെ യു എ പി എ ചുമത്തി ജയിലിൽ അടയ്ക്കുന്നതിന് സിപിഐഎം എതിരാണ്.ഇന്ത്യയിലെ വിവിധ ജയിലുകളിലായി കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാർക്കും ഇതുപോലെ ജാമ്യം നല്കേണ്ടതാണ്.