കോട്ടയം : പുതുപ്പള്ളിയിൽ ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കടയിൽ നിന്നും വാങ്ങിക്കൊണ്ട് വന്ന ബിരിയാണി നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ഭാര്യ പോലീസിൽ മൊഴി നൽകി. കടയിൽ നിന്നും വാങ്ങിയ ബിരിയാണി തന്നില്ലെന്നും ഭർത്താവ് കഴിച്ചതിന് ശേഷം മിച്ചം ഉണ്ടായിരുന്ന ബിരിയാണി സഹോദരന്റെ വീട്ടിലേക്ക് നല്കിയതുമാണ് വൈരാഗ്യത്തിന് കാരണമെന്നും യുവതി പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.
പുതുപ്പള്ളി പെരുങ്കാവ് സ്വദേശി മാത്യു എബ്രഹാമിനെ ചൊവ്വാഴ്ച രാവിലെ ദിവസം കിടപ്പ് മുറിയിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഭാര്യ റോസന്നയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭർത്താവിനെ വെട്ടികൊലപ്പെടുത്തിയതിന് ശേഷം ഏക മകനായ ജോയലിനെയും കൊണ്ട് കടന്നകളഞ്ഞ റോസന്നയെ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.
അതേസമയം റോസമ്മയ്ക്ക് മനസിക അസ്വാസ്ഥ്യമുള്ളതായി വീട്ടുകാർ പറയുന്നു. റോസന്നയെ തെളിവെടുപ്പിനായി കൊലപാതകം നടന്ന വീട്ടിൽ എത്തിച്ചപ്പോഴാണ് ബിരിയാണി നൽകാത്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മൊഴി നൽകിയത്. സ്വന്തം വീടിനേക്കാൾ മാത്യു സഹോദരന്റെ വീടുമായി അടുപ്പം പുലർത്തുന്നതിനെ ചൊല്ലി റോസന്നയും മാത്യുവും നിരന്തരം വഴക്കിട്ടിരുന്നതായും പോലീസ് പറയുന്നു.