മുഖ്യമന്ത്രിയുടെ ഓഫീസിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് ലോക്സഭയിൽ ബിജെപി എംപി തേജസ്വി സൂര്യ

ഡൽഹി: കേരളത്തിൽ നടന്ന സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ലോക്സഭയിൽ ബിജെപി എംപി പറഞ്ഞു. ബിജെപിയുടെ ബാംഗ്ലൂരിൽ നിന്നുള്ള എംപി തേജസ്വി സൂര്യയാണ് ഈ വിഷയം ലോക്സഭയിൽ ഉന്നയിച്ചിരിക്കുന്നത്. ദുരന്തങ്ങളെ മുൻനിർത്തിക്കൊണ്ട് കേരള സർക്കാർ രാഷ്ട്രീയ നേട്ടം ഉണ്ടാക്കുകയാണെന്നും തേജസ്വി സൂര്യ കുറ്റപ്പെടുത്തി. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ജനകീയ പ്രതിഷേധങ്ങളെ സർക്കാർ അടിച്ചമർത്തുകയാണന്നും പ്രതിഷേധിക്കുന്ന സ്ത്രീകളെ പൊലീസ് തല്ലിച്ചതയ്ക്കുകയാണെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു.

ലൈഫ് മിഷൻ പദ്ധതിയിലും വലിയ രീതിയിലുള്ള അഴിമതിയാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. കൂടാതെ ബന്ധുനിയമന വിഷയവും തേജസ്വി സൂര്യ ലോക്സഭയിൽ ഉന്നയിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്ത് സംബന്ധിച്ചുള്ള വിഷയങ്ങൾ ലോക്സഭയിൽ ഉന്നയിച്ചതിൽ പ്രതിഷേധം ഉയർത്തി കൊണ്ട് ഇടതു എംപിമാരും രംഗത്ത് എത്തുകയുണ്ടായി. സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് തേജസ്വി സൂര്യ ചെയ്യുന്നതെന്നും ഇടത് എംപിമാർ ആരോപിച്ചു. എന്നാൽ ഈ സംഭവങ്ങൾ ഉന്നയിക്കുമ്പോൾ കോൺഗ്രസ് എംപിമാരും സഭയിൽ മൗനം പാലിക്കുകയായിരുന്നു.