മുഖ്യമന്ത്രി പിണറായി വിജയനെ രാജിവെപ്പിച്ചിട്ടെ അടങ്ങൂ എന്നുള്ള വിരട്ടൽ; അത് വേണ്ടെന്ന് ബിജെപി നേതാക്കളോട് എംഎം മണി

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെയും കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരെയും രൂക്ഷവിമർശനവുമായി വൈദ്യുതി മന്ത്രി എംഎം മണി. ഇരുവരുടെയും സ്വരം മുഖ്യമന്ത്രി പിണറായി വിജയനെ രാജി വെച്ചിട്ടെയടങ്ങൂ എന്നുള്ള രീതിയിലാണെന്നും അത് കേരളം ഭരിക്കുന്നവരോട് വേണ്ടെന്നും എം എം മണി ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം വായിക്കാം…

ബിജെപിയുടെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി മുരളീധരനും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ രാജിവെപ്പിച്ചേ അടങ്ങൂ എന്ന മട്ടിൽ ഒരുതരം വിരട്ടൽ സ്വരത്തിലാണ് സംസാരം. യുഡിഎഫ് നേതാക്കന്മാർ, പ്രത്യേകിച്ച് കോൺഗ്രസ് നേതാക്കൾ ഇത് ആസ്വദിച്ച് ബിജെപിയുടെ താളത്തിനൊത്ത് തുള്ളുന്ന കാഴ്ചയാണ് കാണുന്നത്. ബിജെപിക്ക് ഈ അഹങ്കാരം തോന്നുന്നത് എന്തിനും അവരുടെ കേന്ദ്ര സർക്കാർ കൂടെ ഉണ്ടാകും എന്ന തോന്നലിലാണ്. ഗുജറാത്തിൽ 2000-ൽ അധികം ആളുകളെ കശാപ്പ് ചെയ്തതിൻ്റെയും, യു.പി. യിൽ യോഗി സർക്കാർ നൂറുകണക്കിന് ആളുകളെ വെടിവച്ച് കൊന്നു കൊണ്ടിരിക്കുന്നതിൻ്റെയും, ജമ്മു കാശ്മീരിൽ ജനങ്ങളെയാകെ പീഢിപ്പിക്കുന്നതിൻ്റെയും ഒക്കെ ഊർജ്ജത്തിൽ നിന്നാകും ബിജെപിക്ക് ഇങ്ങനെ ഭീഷണിപ്പെടുത്താൻ ധൈര്യം ലഭിക്കുന്നത്. എന്നാൽ, അവർ ഒരു കാര്യം ഓർത്താൽ നന്നായിരിക്കും. ഇത് കേരളമാണ്. ഇവിടെ ഭരിക്കുന്നവർ ഏത് മർദ്ദനമുറകളെയും നേരിടാൻ കരുത്തുള്ള ജനനേതാക്കന്മാരാണ്.