മുതലാളിയുടെ ഹോട്ടലിൽ നിന്നും മുതലാളി കഴിച്ച ശാപ്പാടിന്റെ പൈസ ചിലവാക്കുന്നത് കേരളസർക്കാർ: സർക്കാരിനെ തേച്ചൊട്ടിച്ചു അഡ്വ ജയശങ്കർ

തിരുവനന്തപുരത്ത് നടന്ന രണ്ടാം ലോക കേരളസഭ സമ്മേളനത്തിൽ പങ്കെടുത്ത ഭരണപക്ഷ എം എൽ എമാർക്കും എം പി മാർക്കും 178 പ്രവാസി പ്രതിനിധികൾക്കുമായി താമസത്തിനും ഭക്ഷണത്തിനും മാത്രം ചിലവായ തുക ഒരുകോടി രൂപയോളമായിരുന്നു. ഭക്ഷണം ഇവന്റ്മാനേജ്മെന്റിനെ ഏൽപ്പിക്കുകയും താമസത്തിനായി ഗസ്റ്റ്‌ ഹൗസും റസ്റ്റ്‌ ഹൗസും കൂടാതെ പുറത്ത് 7 ഹോട്ടലുകളുമാണ് എടുത്തത്തത്. ഇത്രെയും പേർക്ക് 2 ദിവസത്തെ താമസത്തിനും ഭക്ഷണത്തിനും ഒരു കോടി രൂപയായത് പുറത്ത് വന്നപ്പോൾ സർക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് വെടിയുണ്ട വിഷയത്തിൽ സർക്കാർ അപമാനം ഏറ്റുവാങ്ങേണ്ടി വന്നത്. അത് തീരും മുൻപേ ഇപ്പോൾ ഒരു കള്ളം കൂടി പുറത്തായപ്പോൾ സർക്കാർ പ്രതിസന്ധിയിലായെന്നു വേണം പറയാൻ. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ ഒരുകോടി രൂപയോളം പൊടിച്ചതിനെ ട്രോളികൊണ്ട് അഡ്വ ജയശങ്കർ എത്തിയിരിക്കുകയാണ്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം…

ലോക കേരള ശാപ്പാട്ടു സഭ കൊണ്ട് പ്രവാസികൾക്ക് എന്തു ഗുണമുണ്ടായി എന്നാണ് രമേശ് ചെന്നിത്തലയും മാധ്യമ സിൻഡിക്കേറ്റും ചോദിക്കുന്നത്.

ലോകത്തിൻ്റെ നാനാ ഭാഗത്തു നിന്നുമുളള പ്രതിനിധികൾക്ക് തിരുവനന്തപുരത്തു വന്നു സർക്കാർ ചിലവിൽ പുട്ടടിക്കാൻ കഴിഞ്ഞത് ചെറിയ കാര്യമല്ല. 550 രൂപയുടെ പ്രാതൽ, 1900 രൂപയുടെ ഉച്ച ഭക്ഷണം, 1700 രൂപയുടെ അത്താഴം. എല്ലാം വിഭവസമൃദ്ധം, സ്വാദിഷ്ടം.
പ്രമുഖ പ്രവാസി വ്യവസായി പത്മശ്രീ രവിപ്പിളളയുടെ കോവളം റാവിസ് ഹോട്ടലിൽ നിന്നാണ് മൂന്നു നേരത്തെ ശാപ്പാടും എത്തിച്ചത്. മൊത്തം ചിലവ് വെറും 59,82,600രൂപ.

ഒന്നാലോചിച്ചു നോക്കൂ: രവി മുതലാളിയുടെ ഹോട്ടലിൽ നിന്ന് രവി മുതലാളി കഴിച്ച ശാപ്പാടിൻ്റെ പൈസ ചെലവാക്കുന്നത് ബഹു കേരള സർക്കാർ; ഞാനും നിങ്ങളും അടയ്ക്കുന്ന നികുതിപ്പണത്തിൽ നിന്ന്. ഇതാണ് മാർക്സ് വിഭാവനം ചെയ്ത ശാസ്ത്രീയ സോഷ്യലിസം.