ഡൽഹി: ഡൽഹിയിലെ മുതിർന്ന കോൺഗ്രസ് നേതാവായ ജനാർദ്ദൻ ദ്വിവേദിയുടെ മകൻ സമീർ ദ്വിവേദി ബിജെപിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ രാജ്യത്തിനു വേണ്ടി വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്യുകയാണ്, അദ്ദേഹത്തിന്റെ പ്രവർത്തിയിൽ ആകൃഷ്ടനായത് കൊണ്ടാണ് ബിജെപിയിൽ ചേരാനുള്ള തീരുമാനമെടുത്തതെന്ന് സമീർ ദ്വിവേദി വ്യക്തമാക്കി.
10 വർഷത്തോളം എ.ഐ.സി.സിയുടെ ജനറൽ സെക്രടറിയായിരുന്ന ജനാർദ്ദൻ ദ്വിവേദി കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിനെ തുടർന്ന് കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവെക്കുകയായിരുന്നു. ആർ എസ് എസ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ ജനാർദ്ദൻ ദ്വിവേദി പങ്കെടുത്തതിനെ തുടർന്നു അദ്ദേഹം ബിജെപിയിൽ ചേരുമെന്ന തരത്തിലുള്ള സംസാരം ഉയർന്നു വന്നിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ ബിജെപിയിൽ ചേർന്നിരിക്കുകയാണ്. ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗാണ് സമീർ ദ്വിവേദിയേ ബിജെപിയിലേക്ക് സ്വാഗതം ചെയ്‌തത്.