മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നതിൽ ആശങ്കയുണ്ടെന്ന് വൈദ്യുതി മന്ത്രി എംഎം മണി

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നതിൽ ആശങ്കയുണ്ടെന്ന് വൈദ്യുതി മന്ത്രി എംഎം മണി. നിലവിൽ ഡാമിലെ ജലനിരപ്പ് 134 അടിയിൽ എത്തിയെന്നും എന്നാൽ മഴ കുറഞ്ഞതുമൂലം ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞത് ഏറെ ആശ്വാസമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഡാം തുറക്കേണ്ടത് തമിഴ്നാടാണെന്നും ഇതിന്റെ നിയന്ത്രണം അവർക്കാണെന്നും കേരളത്തിലെ നിലവിലുള്ള ആശങ്ക തമിഴ്നാടിനെ അറിയിച്ചിട്ടുണ്ടെന്നും എം എം മണി വ്യക്തമാക്കി. ഇടുക്കിയിലുള്ള മറ്റ് ഡാമുകളിലെ ജലനിരപ്പിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഇടുക്കി രാജമലയിലുണ്ടായ ദുരന്തത്തിൽ കാണാതായവരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ കാണാതായവരെ കുറച്ച് ടാറ്റാ കമ്പനിയും പഞ്ചായത്ത് അധികൃതരും തയ്യാറാക്കിയിട്ടുള്ള പട്ടികയുടെ അടിസ്ഥാനത്തിലാണ് കണക്ക് തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി എം എം മണി പറഞ്ഞു.