പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ എസ് ഡി പി ഐ അക്രമം അഴിച്ചുവിടാനും മതസ്പർദ്ധ ഉണ്ടാക്കാനും ശ്രമിക്കുകയാണെന്നും, അതിനെ വെച്ചുപൊറുപ്പിക്കില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി എസ് ഡി പി ഐ. മുസ്ലിം സമുദായത്തിന്റെ സംരക്ഷകർ തങ്ങളാണെന്ന് വരുത്തി തീർക്കാനാണ് സിപിഎമ്മും പിണറായി വിജയനും ശ്രമിക്കുന്നതെന്നും, ആ കെണിയിൽ മുസ്ലിം സമൂഹം വീണുവെന്നും എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് പറഞ്ഞു.
നിലനിൽപ്പിനായി മുസ്ലിം സമൂഹം ഒറ്റക്കെട്ടായി സമൂഹത്തിൽ ഇറങ്ങിയപ്പോൾ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് സിപിഎമ്മെന്നും അദ്ദേഹം വ്യക്തമാക്കി. അധികാര ശക്തി ഉപയോഗിച്ച് തങ്ങളുടെ പ്രക്ഷോപങ്ങളുടെ മുതലാളി ചമയാൻ പിണറായി വിജയൻ ശ്രമിക്കുകയെണെന്നും ഇത് അവരുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് തുറന്നു കാട്ടുന്നതെന്നും അബ്ദുൽ ഹമീദ് പറഞ്ഞു. ശബരിമല വിഷയത്തിൽ പിണറായി വിജയൻ നവോദ്ധാന നായകൻ കളിക്കാൻ ശ്രമിച്ചപ്പോൾ പൗരത്വ നിയമത്തിൽ മുസ്ലിം സമുദായത്തിന്റെ സംരക്ഷകൻ താൻ മാത്രമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
പൗരത്വ നിയമത്തിന്റെ പേരിൽ എസ് ഡി പി ഐക്കാർ എവിടെയാണ് പ്രശനമുണ്ടാക്കിയത്, എവിടെയാണ് നുഴഞ്ഞു കയറ്റം നടത്തിയത്, മതസ്പർദ്ധ വളർത്തിയത് എവിടെയാണെന്നും അബ്ദുൽ ഹമീദ് ചോദിച്ചു. എസ് ഡി പി ഐയുടെ സമരപരിപാടികാളിലെ ആള്ബലം കണ്ട് വിറളി പൂണ്ടാണ് പിണറായി വിജയൻ ഇങ്ങനെ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ മഹല്ല് കമ്മിറ്റികൾ നടത്തുന്ന പ്രതിഷേധത്തിനു വരെ വെറുതെ സർക്കാർ കേസെടുക്കുന്നെന്നും, പ്രതിഷേധങ്ങൾ തങ്ങളുടെ പാർട്ടിയുടെ വാരിധിയിലാക്കാൻ വേണ്ടിയാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും അബ്ദുൽ ഹമീദ് വ്യെക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ അക്രമം അഴിച്ചു വിടാൻ ശ്രമിച്ചാൽ അതിനെ വെച്ചു പൊറുപ്പിക്കില്ലെന്നും, മഹല്ല് കമ്മിറ്റിയുടെ പ്രക്ഷോപങ്ങളിൽ എസ് ഡി പി ഐക്കാർ നുഴഞ്ഞു കയറുന്നുണ്ടെന്നും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് എസ് ഡി പി ഐ രംഗത്തെത്തിയത്.