മൂന്നാം വിവാഹത്തിന് രണ്ടാം ഭാര്യയുടെ കാറിലെത്തിയ തട്ടിപ്പ് വീരനെ ആദ്യ ഭാര്യ കെണിവെച്ച് പിടിച്ച് പോലീസിൽ ഏൽപ്പിച്ചു

കൊല്ലം : മൂന്നാം വിവാഹത്തിനെത്തിയ വിവാഹത്തട്ടിപ്പ് വീരനെ ഒന്നാം ഭാര്യ കെണിയൊരുക്കി പിടിച്ച് പോലീസിൽ ഏൽപ്പിച്ചു. ആദ്യ വിവാഹങ്ങൾ മറച്ച് വെച്ച് വീണ്ടും വിവാഹം ചെയ്യാനായി വധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് ആദ്യ ഭാര്യ പിടികൂടിയത്. വാളകം അറയ്ക്കൽ ലോലിതാ ഭവനിൽ അനിൽ കുമാറിനെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ടാം ഭാര്യയുടെ കയ്യിൽ നിന്നും അറ ലക്ഷത്തിലധീകം രൂപയും സ്വർണവും തട്ടിയെടുത്ത് അവരുടെ തന്നെ കാറിലായിരുന്നു അനിൽകുമാർ മൂന്നാം വിവാഹത്തിന് വധിവിന്റെ വീട്ടിലെത്തിയത്. കോട്ടയം സ്വദേശിയായ അനിൽകുമാർ സിആർപിഎഫ് ക്യാമ്പിലെ ജീവനക്കാരൻ എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് മൂന്നാം വിവാഹത്തിന് ശ്രമിച്ചത്.

വാളകം സ്വദേശിയായ യുവതിയെ 2005 ലാണ് അനിൽകുമാർ വിവാഹം ചെയ്യുന്നത്. ആദ്യ വിവാഹം മറച്ച് വച്ച് 2014 ൽ തിരുവനന്തപുരം സ്വദേശിനിയെ വിവാഹം ചെയ്യുകയായിരുന്നു. തുടർന്ന് നാലുമാസം മുൻപ് കാഞ്ഞവള്ളിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയുമായി അടുപ്പത്തിലാകുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തത്. ഇന്നലെ വിവാഹം നടക്കാനിരിക്കെ തലേദിവസം കാഞ്ഞവള്ളിയിൽ എത്തി. ഈ വിവരം അറിഞ്ഞ രണ്ടാം ഭാര്യ ആദ്യ ഭാര്യയെ വിവരം അറിയിച്ചു. ഇരുവരും ചേര്‍ന്ന് കൊട്ടാരക്കര എസ്പി ഓഫിസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിൽ എസ്പിയുടെ നിര്‍ദേശ പ്രകാരം പിങ്ക് പൊലീസും അഞ്ചാലുംമൂട് പൊലീസും സ്ഥലത്തെത്തി. ആദ്യ ഭാര്യമാര്‍ ഇരുവരും ചേര്‍ന്നു അനില്‍കുമാറിനെ ഇവിടെ നിന്നും പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.