മൃഗങ്ങളിൽ നടത്തിയ കൊവാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് ഗവേഷകർ

ഡൽഹി: ഇന്ത്യൻ നിർമ്മിതിയിലുള്ള കൊവിഡ് വാക്സിനായ കൊവാക്സിന്റെ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരമായി പൂർത്തിയായി. പരീക്ഷണാടിസ്ഥാനത്തിൽ മൃഗങ്ങളിൽ നടത്തിയ പരീക്ഷണമാണ് വിജയകരമായതെന്ന് ഗവേഷകർ അറിയിച്ചു. ഐസിഎംആറും ഭാരത് ബയോടെക്കും ചേർന്ന് രാജ്യത്തെ 12 സ്ഥാപനങ്ങളിലാണ് കോവക്സിന്റെ പരീക്ഷണം നടത്തുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 20 കുരങ്ങന്മാരെ നാലു ഗ്രൂപ്പുകളായി തിരിച്ച് വാക്സിൻ നൽകുകയായിരുന്നു.

രണ്ടാമത്തെ ഡോസ് നൽകിയപ്പോൾ കോവിഡിനെതിരെയുള്ള ആന്റിബോഡിയുണ്ടന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്സിൻ പരീഷണം കഴിഞ്ഞദിവസം രാജ്യത്ത് താൽക്കാലികമായി നിർത്തി വെച്ചിരുന്നു. യു കെയിൽ വെച്ച് നടത്തിയ പരീക്ഷണത്തിൽ ഒരാൾക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷണം താൽക്കാലികമായി നിർത്തി വെക്കുന്നതിന് സെറം ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനമെടുത്തത്.