തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം പിൻവലിച്ചു സർക്കാർ മാപ്പ് പറയുന്നത് വരെ സമരം തുടരുമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. എസ് ഡി പി ഐ സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വത്തിന്റെ പേരും പറഞ്ഞുകൊണ്ട് രാജ്യത്തെ പൗരന്മാരെ തടങ്കൽ പാളയത്തിലേക്ക് കയറ്റിവിടാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ കാവൽക്കാരനായി ഒരാളെ ജനം തിരഞ്ഞെടുത്തപ്പോൾ യജമാനനായ അദ്ദേഹം ഇപ്പോൾ ജനങ്ങളോട് ചോദിക്കുന്നു നിങ്ങൾ ഇവിടെത്തെ പൗരനാണോയെന്നും, രാജ്യത്തെ ജനങ്ങൾ ഒത്തൊരുമയോടുകൂടി നിൽക്കുന്നിടത്തോളം കാലം നിയമം നടപ്പാക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ പ്രക്ഷോഭ പരിപാടികളെ ഭയക്കുകയാണെന്നും നിയമം പിൻവലിച്ചു മാപ്പ് പറയുന്നവരെ പ്രക്ഷോഭ പരിപാടികൾ തുടരുമെന്നും ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കി.