മോഷ്ടിച്ച ബൈക്കുമായി യാത്രചെയ്ത യുവാവിനെ ബസ്സിടിച്ചു ; ബസ് ഡ്രൈവർ ഇറങ്ങി നോക്കിയപ്പോൾ സ്വന്തം ബൈക്ക്

കൊച്ചി: ബൈക്ക് മോഷ്ടിച്ചു കടന്നുകളഞ്ഞ കള്ളൻ ഒടുവിൽ വാഹനാപകടത്തിൽപെട്ടു. ബൈക്ക് അപകടത്തിൽപ്പെട്ടതാകട്ടെ അതെ ബൈക്കിന്റെ ഉടമ ഓടിച്ച കെഎസ്ആർടിസി ബസിൽ ഇടിച്ചു. സംഭവം നടന്നത് കഴിഞ്ഞ വ്യാഴാഴ്ച കൊച്ചി ഉദയംപേരൂർ നടക്കാവിന് സമീപത്തായിരുന്നു. കെഎസ്ആർടിസി ബസ് ഓടിച്ചിരുന്ന ഡ്രൈവറായ ബിജു അനി സേവ്യർ വാഹനത്തിന് പിന്നാലെ ബൈക്ക് ഇടിച്ചതിനെ തുടർന്ന് പുറത്തിറങ്ങി നോക്കുകയായിരുന്നു. തുടർന്ന് തറയിൽ കിടന്നിരുന്ന ബൈക്ക് ശ്രദ്ധയിൽ പെടുകയായിരുന്നു. താൻ കോട്ടയം ഡിപ്പോയിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് ആണ് ഇതെന്ന് മനസ്സിലായതിനെ തുടർന്ന് ആളെ കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ബൈക്ക് മോഷ്ടിച്ച്‌ പാലക്കാട്ടേക്ക് കടക്കുകയായിരുന്നു പിടിയിലായ കള്ളൻ. ബൈക്ക് മോഷ്ടിച്ചന്നറിഞ്ഞിട്ടും ട്രിപ്പ് മുടക്കാതെ കോട്ടയത്ത് നിന്നും എറണാകുളത്തേക്ക് തിരിച്ചു. രാവിലെ കോട്ടയത്ത് സൂക്ഷിച്ചിരുന്ന ബൈക്ക് ആണ് മോഷണം പോയത്. ഒടുവിൽ മോഷണംപോയ ബൈക്ക് ഉടമ ഓടിച്ച കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. രാവിലെ 6:30 നാണ് ഡ്യൂട്ടിക്കായി എത്തിയപ്പോൾ ബൈക്ക് കോട്ടയം ഡിപ്പോയിൽ വെച്ചത്. ബൈക്ക് നിർത്തിയശേഷം യൂണിഫോം ധരിച്ച് ബസ്സിലേക്ക് പോവുകയായിരുന്നു. തുടർന്ന് രാവിലത്തെ ആദ്യ ഓട്ടം കഴിഞ്ഞ് തിരിച്ചു എത്തിയപ്പോൾ ബൈക്ക് പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് ബൈക്ക് കാണാനില്ലായിരുന്നു. തുടർന്ന് പരിസരപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

സംഭവം പോലീസുകാരിയായ ഭാര്യയുടെയും ഓഫീസിലെ മേലുദ്യോഗസ്ഥന്റെയും നിർദ്ദേശപ്രകാരം പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി നൽകിയ ശേഷം 4:15 ന് ബസ്സുമായി എറണാകുളത്തേക്ക് തിരിക്കുകയായിരുന്നു. 6: 30 ഓടെ ഉദയംപേരൂർ സ്റ്റോപ്പിൽ വച്ച് പെട്ടെന്ന് ഒരാൾ കൈ കാണിക്കുകയായിരുന്നു. തുടർന്ന് ബസ് നിർത്തി കൊടുത്തപ്പോൾ അതിന് പിന്നാല ഒരു വാഹനം എടുക്കുന്നതിന് ശബ്ദം കേട്ടു. പുറത്തിറങ്ങി നോക്കിയപ്പോഴാണ് ബസിൽ ബൈക്ക് ഇടിച്ചു കിടക്കുന്നത് കണ്ടത്. എന്നാൽ തനിക്ക് മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലന്ന് പറഞ്ഞുകൊണ്ട് ബൈക്ക്‌യാത്രക്കാരൻ പെട്ടെന്ന് പോകാൻ ഒരുങ്ങുകയായിരുന്നു. തുടർന്ന് ബസ്സിനകത്ത് കയറിയ ഡ്രൈവറോട് കണ്ടക്ടർ രേഖാമൂലം പരാതിയില്ലെന്ന് എഴുതി മേടിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

വീണ്ടും പുറത്തേക്കിറങ്ങി ഡ്രൈവറുടെ ശ്രദ്ധയിൽ തന്റെ രാവിലെ കാണാതായ ബൈക്ക് പെടുകയായിരുന്നു. ശേഷം സമീപവാസികളായ നാട്ടുകാരെ വിളിച്ച് കാര്യം പറഞ്ഞ ശേഷം മോഷ്ടാവായ സാജൻ തോമസിനെ തടഞ്ഞുവെച്ച് പോലീസിന് വിളിക്കുകയും പോലീസ് എത്തി അദ്ദേഹത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. കോട്ടയത്ത് നിന്നും രാവിലെ മോഷ്ടിച്ച ബൈക്ക് പാലക്കാട്ടേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിലായിരുന്നു മോഷ്ടാവ്. ഇതിനിടയിലാണ് എറണാകുളം ഉദയംപേരൂരിൽ വെച്ച് അപകടം സംഭവിക്കുന്നത്.