യതീഷ് ചന്ദ്രയ്ക്ക് ഉള്ള മറുപടി പിണറായി വിജയൻ കൊടുക്കുമോ അതോ കൊറോണ കഴിഞ്ഞു നാട്ടുകാർ കൊടുക്കണമോ? ഹരീഷ് വാസുദേവന്‍റെ കുറിപ്പ്:-

കണ്ണൂർ: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അനാവശ്യമായി പുറത്തിറങ്ങരുതെന്നുള്ള സർക്കാർ നിർദേശങ്ങളെ തള്ളിക്കൊണ്ട് ഇറങ്ങിയവരെ ഏത്തമിടീപ്പിച്ച യതീഷ് ചന്ദ്ര ഐ പി എസിന്റെ നടപടിയ്‌ക്കെതിരെ ഹരീഷ് വാസുദേവൻ രംഗത്ത്. യതീഷ് ചന്ദ്ര ആളുകളെ കൊണ്ട് ഏത്തമിടീപ്പിക്കുന്ന വീഡിയോ കണ്ടെന്നും മുഖ്യമന്ത്രിയുടെ വാക്കിന് പോലും പുല്ലുവില കൊടുക്കുന്ന തരത്തിലുള്ള സംഭവമാണ് നടന്നതെന്നും ഹരീഷ് കുറ്റപ്പെടുത്തി. യതീഷ് ചന്ദ്രയ്ക്കുള്ള മറുപടി പിണറായി വിജയൻ കൊടുക്കുമോ അതോ കൊറോണ കഴിഞ്ഞു നാട്ടുകാർ കൊടുക്കുമോയെന്നും ഹരീഷ് വാസുദേവൻ തന്റെ ഫേസ്ബുക്ക്‌ കുറിപ്പിലൂടെ ചോദിച്ചു. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

പോലീസേ, ഏതെങ്കിലും ക്രിമിനൽ കുറ്റത്തിന് മനുഷ്യരെ വീട്ടിൽ തടവിലിട്ടതല്ല. ഒരുമിച്ചു രക്ഷപ്പെടാനാണ് എല്ലാവരും വീട്ടിലിരിക്കാൻ പറഞ്ഞത്. അവശ്യ വസ്തുക്കൾ വാങ്ങാൻ നിശ്ചിത സമയം പുറത്തിറങ്ങാം. കയ്യിൽ ഒരു കടലാസിൽ ആവശ്യവും പേരും വിലാസവും എഴുതി സൂക്ഷിച്ചാൽ മതി. കയ്യകലം പാലിക്കണം. ആവശ്യം കഴിഞ്ഞാൽ തിരികെ കയറണം. നിയമം ലംഘിക്കുന്നവരെ കണ്ടാൽ തിരികെ വീട്ടിലേക്ക് പോകാൻ പറയാം.. പോകുന്നില്ലെങ്കിൽ അറസ്റ്റ് ചെയ്യാം, കേസെടുക്കാം.. വണ്ടി പിടിച്ചെടുക്കാം.. അതിനു വഴങ്ങാത്തവരോട് മാത്രം ബലം പ്രയോഗിക്കാം.. ലാത്തി ചാർജ്ജ് നടത്താം..

പോലീസ് പറയുന്നത് കേൾക്കാത്തവരെ അപ്പോൾ തല്ലുക, ചോദിക്കുകയും പറയുകയും ചെയ്യാതെ തന്നെ വഴിയിൽ കാണുന്നവരെ തല്ലുക, ഏത്തം ഇടീക്കുക, മാപ്പ് പറയിക്കുക, വീഡിയോ എടുത്ത് ഇടുക ഇതൊന്നും നിങ്ങളുടെ പണിയല്ല. ജോലി സംബന്ധമായ ഫ്രഷ്‌ട്രേഷൻ അധികാര ദുർവിനിയോഗത്തിനുള്ള ന്യായമല്ല. പോലീസ് അല്ല നാട് ഭരിക്കുന്നത് സർക്കാർ തന്നെയാണ്. കൊറോണ കാലം കഴിഞ്ഞു മനുഷ്യർ സുരക്ഷിതരായി ഒരുനാൾ പുറത്തിറങ്ങുമ്പോൾ ജനം തിരിച്ചു പ്രതികരിക്കും.. ഇന്ന് പിന്തുണ നൽകുന്ന മേലധികാരികൾക്ക് അന്ന് പിന്തുണയ്ക്കാൻ പറ്റണം എന്നില്ല.

Also Read  കൊറോണ ഭീതിയിൽ 12000 തടവുകാർക്ക് പരോൾ അനുവദിച്ചു

നിങ്ങൾക്കിടയിൽ മുഖ്യമന്ത്രി പറഞ്ഞത് മനസിലാകാത്ത പൊലീസുകാർ ഉണ്ടെങ്കിൽ അവർക്കിത് ബോധ്യമാക്കി കൊടുക്കണം. അഭ്യര്ഥനയാണ്. കർശനമായി നിയമം പാലിക്കണം, എന്നാൽ മര്യാദയും വേണം.

——————————————————
കൊല്ലത്ത് ഒരു CI വീട്ടിൽപ്പോയി തെറ്റു ചെയ്ത പയ്യനെ അത് ബോധ്യപ്പെടുത്തിയിട്ടുണ്ട്. CI യ്ക്കും ചെയ്‌ത തെറ്റ് ബോധ്യമുണ്ട്. കണ്ണൂരിൽ യതീഷ് ചന്ദ്ര IPS 3 പേരെ പരസ്യമായി റോഡിൽ നിർത്തി ഏത്തം ഇടീക്കുന്ന വീഡിയോ കണ്ടു. പൗരന്മാരുടെ Personal Dignity യെപ്പറ്റി ഉൽകണ്ഠയുള്ള ഒരു മുഖ്യമന്ത്രിയുടെ വാക്കിനു പുല്ലുവിലയാണ് ഇയാൾ കല്പിച്ചത്. യതീഷ് ചന്ദ്രയ്ക്ക് ഉള്ള മറുപടി പിണറായി വിജയൻ കൊടുക്കുമോ അതോ കൊറോണ കഴിഞ്ഞു നാട്ടുകാർ കൊടുക്കണമോ?
മുഖ്യമന്ത്രി പറഞ്ഞാൽ മതി.