മതം മാറി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയ നിമിഷ ഫാത്തിമയടക്കമുള്ള മലയാളികളെ തിരികെ ഇന്ത്യയിലെത്തിക്കുന്നത് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളായ യുവതികൾ ചാവേർ ആക്രമണങ്ങൾക്ക് പരിശീലനം ലഭിച്ചവരാണെന്നും അതിനുള്ള തെളിവുകൾ ഉണ്ടെന്നും രഹസ്വാന്വേഷണ ഏജൻസികൾ പറയുന്നു.
അഫ്ഘാൻ ജയിലിൽ കഴിയുന്ന മലയാളി യുവതികളിൽ ഒരാളായ നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്നും ഇന്ത്യയിൽ എത്തിച്ച് നിയമ നടപടി സ്വീകരിക്കണമെന്നും ആവിശ്യപ്പെട്ട് നിമിഷ ഫാത്തിമയുടെ മാതാവ് രംഗത്തെത്തിയിരുന്നു. അഫ്ഗാൻ യുവതികളെ കൈമാറാൻ തയ്യാറാണെങ്കിലും ഇന്ത്യ ഇതുവരെ ഇക്കാര്യത്തിൽ നിലപാടറിയിച്ചിട്ടില്ല. അഫ്ഗാനിൽ തന്നെ ട്രയൽ ചെയ്യാനാണ് ഇന്ത്യ നീക്കം നടത്തുന്നതെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതേസമയം യുവതികളെ റോ ഉദ്യോഗസ്ഥർ അഫ്ഘാൻ ജയിലിൽ വെച്ച് കണ്ടിരുന്നെന്നും യുവതികൾ ഇപ്പോഴും ഐഎസ് അനുകൂല നിലപാടിലാണ് കഴിയുന്നതെന്നും. തീവ്രവാദ നിലപാടുകളിൽ അവർ ഇപ്പോഴും അടിയുറച്ച് വിശ്വസിക്കുകയാണെന്നും റോ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. കൂടാതെ ഇത്തരത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് രാജ്യം വിട്ട് പോയ തങ്ങളുടെ പൗരന്മാരെ ബ്രിട്ടനും, ഫ്രാൻസും തിരികെ സ്വീകരിക്കേണ്ട എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.
ഇതേ നിലപാട് ഇന്ത്യയും പിന്തുടരുമെന്നാണ് സൂചന.
ബ്രിട്ടൻ പൗരയായ ഷമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടൻ റദ്ദ് ചെയ്യുകയും അവർക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഷമീമ ഭീഗം കോടതിയെ സമീപിച്ചെങ്കിലും കോടതി അവരുടെ ഹർജി തള്ളുകയായിരുന്നു.