യുവതിയുടെ പിന്നാലെയെത്തി കടന്നു പിടിക്കാൻ ശ്രമം; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

മലപ്പുറം: പശ്ചിമ ബംഗാൾ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പൊന്നാനി കോട്ടത്തറ തൊട്ടിവളപ്പിൽ സ്വദേശി ജിഷ്ണുവിനെയാണ് (27) പൊന്നാനി സിഐ മഞ്ജിത് ലാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം പൊന്നാനി നഗരസഭയ്ക്ക് പരിധിയിലുള്ള മാവേലി കോളനി പരിസരത്ത് വെച്ചാണ് യുവാവ് യുവതിയെ പീഡിപ്പിക്കാനുള്ള ശ്രമം നടത്തിയത്.

പൊന്നാനിയിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന പശ്ചിമബംഗാൾ സ്വദേശിനികളുടെ പിന്നാലെ എത്തിയ യുവാവ് കടന്ന് പിടിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ശ്രമത്തെ എതിർത്തപ്പോൾ അടിച്ചു താഴെയിടുകയും ചെയ്തു. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ജിഷ്ണു ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ജിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്.