ഇടുക്കി : മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിനിടയിൽ യുവാവിന്റെ കൈപ്പത്തി വെട്ടി മാറ്റിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. ഇടുക്കി പാട്ടശ്ശേരി സ്വദേശിനിയായ ജോമോളാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ബന്ധു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ നെടുകണ്ടത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിനടുത്ത് മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ജോമോളും യുവാവും തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് ജോമോൾ കയ്യിൽ കരുതിയിരുന്ന വാക്കത്തി കൊണ്ട് യുവാവിന്റെ കയ്യിൽ വെട്ടുകയുമായിരുന്നു. യുവാവിന്റെ കൈപ്പത്തി പൂർണമായും അറ്റ് പോയി. അണക്കര സ്വദേശി മനുവിനാണ് വെട്ടേറ്റത്. മനുവിനെ എറണാകുളത്തുള്ള സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുറച്ച് ദിവസങ്ങളായി ജോമോളും മനുവും തമ്മിൽ വാക്കേറ്റം നടക്കുന്നത് പതിവായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വാക്കേറ്റം നടക്കുന്നതിന് മുൻപായി ജോമോൾ തന്റെ കയ്യിൽ വാക്കത്തി കരുതിയിരുന്നു. മനുവുമായി വാക്കേറ്റം ഉണ്ടാകുന്ന സമയത്ത് ജോമോൾ വാക്കത്തി തന്റെ പുറകിൽ മറച്ച് പിടിക്കുകയായിരുന്നു. മനുവിന്റെ കൈവെട്ടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ജോമോൾ ഒളിവിൽ പോയത്.