രക്ഷാപ്രവർത്തകരെ സല്യൂട്ട് അടിച്ച സംഭവം ; പ്രോട്ടോക്കോൾ ലംഘനമെന്ന് കണ്ടെത്തൽ നടപടിക്ക് സാധ്യത

തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതിനായി മുന്നിട്ടിറങ്ങിയ പ്രദേശവാസികളെ ആദരിച്ച പോലീസുകാരനെതിരെ നടപടിയെടുക്കാൻ സാധ്യത. രഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ആളുകൾ ക്വാറന്റിനിൽ കഴിയുമ്പോൾ അവിടെയെത്തി ആദരസൂചകമായി പോലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് അടിച്ചിരുന്നു. എന്നാലിത് ഔദ്യോഗിക അനുമതിയില്ലാതെയാണ് ചെയ്തതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു. ഇതിനെ തുടർന്ന് രക്ഷാപ്രവർത്തകർക്ക് ആദരമർപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകുമെന്നുള്ള സൂചനയാണ് പുറത്ത് വരുന്നത്.

രക്ഷാപ്രവർത്തകരെ ക്വറന്റിൻ കേന്ദ്രത്തിൽ പോയി കേരള പോലീസ് സല്യൂട്ട് അടിച്ച് ആദരവ് പ്രകടിപ്പിക്കുന്നുവെന്നുള്ള തലക്കെട്ടോടുകൂടി പ്രചരിപ്പിച്ച ചിത്രം വൈറലായതിന്റെ അടിസ്ഥാനത്തിലാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇതിനെക്കുറിച്ച് അന്വേഷണമാരംഭിച്ചത്. ഇതിന്റെ ചിത്രങ്ങൾ സണ്ണിവെയ്നും സുരാജും അടക്കമുള്ള താരങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ആദ്യം ചിത്രം വ്യാജമാണെന്ന് കരുതിയിരുന്നെങ്കിലും അന്വേഷണത്തിനൊടുവിൽ ഉദ്യോഗസ്ഥനെ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക സ്റ്റേഷനിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥർ പറയുന്നുണ്ട്.