രണ്ടേകാൽ കിലോ കഞ്ചാവുമായി പ്ലസ്ടു വിദ്യാർത്ഥി പോലീസ് പിടിയിൽ

രണ്ടേകാൽ കിലോ കഞ്ചാവുമായി പ്ലസ്ടു വിദ്യാർത്ഥി പോലീസ് പിടിയിൽ. മലപ്പുറം ജില്ലയിലെ കുന്നത്ത്നാട് സ്വദേശിയായ സ്കൂൾ വിദ്യാർത്ഥിയെയാണ് തൃപ്പൂണിത്തുറ എക്സൈസ് റെയിഞ്ചു ഇൻസ്‌പെക്ടർ ബിജു വർഗീസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഗൂഗിൾ പേ വഴിയാണ് പണമിടപാട് നടത്തുന്നത്. ആദ്യമൊക്കെ ചെറിയതായി തുടങ്ങിയ വിൽപ്പന ആഡംബര ജീവിതം മോഹിച്ചു മൊത്ത വ്യാപാരത്തിലേക്ക് തിരിയുകയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നും 10000രൂപക്ക് കൊണ്ടുവരുന്ന സാധനം 50000രൂപയ്ക്കാണ് കേരളത്തിൽ വിൽപ്പന നടത്തുന്നത്. വാട്സാപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകളാണ് വിൽപ്പനയ്ക്കായി ഉപയോഗിക്കുന്നത്. അത്കൊണ്ട് തന്നെ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ആൾക്കാർ ആവശ്യക്കാരായി ഉണ്ട്. രണ്ട് കിലോ പാക്കറ്റുകളാണ് വിളിക്കാറ്. 13വയസുമുതൽ കുട്ടി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്.

14വയസുതൊട്ടാണ് കഞ്ചാവ് ഉപയോഗവും വില്പനയും തുടങ്ങിയത്. ചെറുപ്പത്തിലേ അമ്മയും അച്ഛനും ഡൈവോഴ്സ് ആയി വേറെ വേറെ കല്യാണം കഴിച്ചതോടെ ഒറ്റപ്പെട്ടുപോയ കുട്ടി ലഹരിമാഫിയകളോട് കൂട്ടുകൂടാൻ തുടങ്ങി. ഇതുവഴിയാണ് ലഹരി ഉപയോഗവും വില്പനയും തുടങ്ങിയത്. കോട്ടയത്തുള്ള ജിനദേവ് എന്നയാൾക്ക് കഞ്ചാവ് എത്തിക്കുന്നതിനിടെ തൃപ്പൂണിത്തുറയിൽ നിന്നാണ് കുട്ടിയെ പിടികൂടിയത്. ഇയാൾക്ക് നേരത്തെ 15കിലോ കഞ്ചാവ് കുട്ടി എത്തിച്ചു നൽകിയിരുന്നു. ഈയിടയ്ക്ക് കണ്ണംകുളങ്ങര സ്വദേശിയായ നിതിന് 500 ഗ്രാം കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 17വയസുകാരനായ വിദ്യാർത്ഥിയെ പിടികൂടാനായത്.