രമ്യ ഹരിദാസ് എംപിയുടെ വാഹനം തടഞ്ഞ് സിപിഎം പ്രവർത്തകർ വധഭീഷണി മുഴക്കിയതായി പരാതി

തിരുവനന്തപുരം: ആലത്തൂർ എം പി രമ്യ ഹരിദാസിന്റെ വാഹനം സിപിഎം പ്രവർത്തകർ തടയുകയും കരിങ്കൊടി കെട്ടുകയും വധഭീഷണി മുഴക്കിയതായും പരാതി. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വച്ചാണ് സംഭവം നടന്നത്. തിരുവനപുരത്ത് നിന്നും ചങ്ങനാശ്ശേരിയിലേക്ക് പോകുമ്പോൾ രാവിലെ ഒമ്പത് മണിയ്ക്കാണ് സംഭവം നടന്നതെന്ന് ഹരിദാസ് പറഞ്ഞു. സിപിഎം പ്രവർത്തകർ കാർ തടഞ്ഞതോടെ നിർത്തുകയായിരുന്നുവെന്നും തുടർന്ന് ഒന്ന് രണ്ട് പേർ കാറിൽ ഇടിക്കുകയും കരിങ്കൊടി കെട്ടുകയും ആയിരുന്നുവെന്നും രമ്യ ഹരിദാസ് പറയുന്നു.

കോൺഗ്രസുകാർ ആരുംതന്നെ ഇതുവരെ പോകണ്ടെന്ന് പറയുകയും അസഭ്യവും വധഭീഷണിയും മുഴക്കിയതായും രമ്യ ഹരിദാസ് പറയുന്നു. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന് സമീപത്തുവച്ചാണ് സംഭവം നടന്നത്. സംഭവമറിഞ്ഞതിനെ തുടർന്ന് സ്ഥലത്ത് പോലീസ് സംഘം എത്തുകയും പ്രവർത്തകരെ മാറ്റുകയും ചെയ്ത ശേഷമാണ് രമ്യ ഹരിദാസിന്റെ വാഹനം കടത്തിവിട്ടത്.