രാജമല ദുരന്തം ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; ബാക്കിയുള്ള ഏഴ് പേർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

ഇടുക്കി: പെട്ടിമുടിയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 61 ആയി. ഇന്ന് നടത്തിയ തിരച്ചിലിൽ ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തി. ഇനിയും ഏഴ് പേരെ കണ്ടെത്താനുണ്ട്. ഉരുൾപൊട്ടൽ നടന്ന സ്ഥലത്തു നിന്നും 14 കിലോമീറ്റർ അകലെയായി പുഴയോരത്ത് മരക്കമ്പിൽ തങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇനി കണ്ടെത്താനുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അവസാന ആളെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്നാണ് സർക്കാർ അറിയിച്ചത്.

കൂടാതെ ലയങ്ങൾ ഇരുന്ന സ്ഥലത്തെ മണ്ണ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി പരിശോധന നടത്തുകയാണ്. പ്രളയ ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം പ്രത്യേക സംഘത്തെ നിയോഗിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ മൂന്നു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപയും ലഭിക്കും.