രാജമല ദുരന്തം: ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ മൂന്നാം ദിവസവും തിരച്ചിൽ തുടരുന്നു

ഇടുക്കി: രാജമലയിലെ പെട്ടി മുടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു. രണ്ട് ദിവസമായി നടത്തിയ തിരച്ചിലിൽ 26 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇനിയും നാൽപതോളം പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇനിയും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് നടത്തുമെന്ന് അധികൃതർ അറിയിച്ചു. തൃശ്ശൂരിൽ നിന്നും എത്തിയ ബൽജിയൻ മലിനോയിസ്, ലാബ്രഡോർ എന്നി ഇനത്തിലുള്ള നായ്ക്കളെ ഇതിനായി പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. മണ്ണിനടിയിൽപ്പെട്ടിട്ടുള്ള മൃതദേഹങ്ങളുടെ മണം പിടിച്ച് കണ്ടെത്തുന്നതിന് പ്രത്യേക കഴിവുള്ള നായ്ക്കളാണ്.

കഴിഞ്ഞ വർഷവും ഇതേ രീതിയിൽ പ്രളയമുണ്ടായപ്പോൾ നായ്ക്കളെ ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നതിനുള്ള തീരുമാനമെടുത്തിരുന്നു. ഇടുക്കി ദുരിതബാധിത പ്രദേശങ്ങളിൽ 8 സംഘങ്ങളായി തിരിച്ച്‌ തിരച്ചിൽ നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമി അറിയിച്ചു. മൂന്നാർ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ പ്രദേശം സന്ദർശിക്കുന്നതിനായി നിരവധി ആളുകളെത്തുന്നത് രക്ഷാപ്രവർത്തന ദൗത്യത്തിന് തടസ്സം സൃഷ്ടിക്കുന്നതായും പറയുന്നുണ്ട്. പ്രദേശത്തേക്കുള്ള റോഡിന്റെ അപകട സ്ഥിതിയും വീണ്ടും ഉരുൾപൊട്ടലിനുള്ള സാധ്യതയും കണക്കിലെടുത്തുകൊണ്ട് പ്രദേശം സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്. ഇന്നലെ പ്രദേശത്തുനിന്നും 11 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്ന് പേരുടെ മൃതദേഹം തിരിച്ചറിയാനായിട്ടില്ല.

മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ സംസ്കരിക്കുന്നതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ 9 മണിക്കും, കേന്ദ്രസഹമന്ത്രി വി മുരളീധരൻ ഉച്ചയ്ക്ക് 12 മണിയ്ക്കും, വനംമന്ത്രി കെ രാജു എന്നിവരും ഇന്ന് സ്ഥലം സന്ദർശിക്കും. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് മുകളിലേക്ക് മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. ഏതാണ്ട് 30 മുറികളുള്ള നാല് ലയങ്ങൾ പൂർണമായും തകരുകയും ഇവിടെ താമസിച്ചിരുന്ന 78 ഓളം പേർ അപകടത്തിൽപ്പെടുകയുമായിരുന്നു. എന്നാൽ ഇവരിൽ 12 പേർ രക്ഷപ്പെടുകയും ചെയ്ത്തിരുന്നു.