രാജമല ദുരന്തം; മണ്ണിനടിയിലകപ്പെട്ട 12 പേരുടെ മൃതദേഹംകൂടി ഇന്ന് കണ്ടെത്തി

ഇടുക്കി: ശക്തമായ മഴയെ തുടർന്ന് ഇടുക്കി രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നു മണ്ണിനടിയിലകപ്പെട്ട 12 പേരുടെകൂടി മൃതദേഹം ഇന്ന് കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 37 ആയി ഉയർന്നു. ജില്ലാ പോലീസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ മണ്ണിനടിയിലകപ്പെട്ടവരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 12 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ലയങ്ങളിൽ താമസിച്ചിരുന്ന മുപ്പതോളം കുടുംബാംഗങ്ങളാണ് മണ്ണിനടിയിൽ പെട്ടത്. രക്ഷാപ്രവർത്തന ദൗത്യത്തിന് പ്രതികൂല കാലാവസ്ഥയായിരുന്നിട്ടും മണ്ണിനടിയിലകപ്പെട്ടവരെ കണ്ടെത്തുന്നതിനുവേണ്ടി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഇന്ന് രാവിലെ കേന്ദ്രമന്ത്രി വി മുരളീധരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും ദുരന്തബാധിത പ്രദേശം സന്ദർശിച്ചിരുന്നു.