രാജമല ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു; ഇനിയും അഞ്ചുപേരെ കണ്ടെത്താനുണ്ട്

ഇടുക്കി: രാജമല പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. തുടർന്ന് ദേശീയ ദുരന്തനിവാരണ സേന ഇന്ന് മടങ്ങും. വരും ദിവസങ്ങളിൽ അനുകൂലമായ കാലാവസ്ഥയോടു കൂടി നാട്ടുകാരുടെ സഹകരണത്തോടുകൂടി പ്രദേശത്ത് കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുമെന്ന് ജില്ല കളക്ടർ അറിയിച്ചു. ഇനിയും അഞ്ചു പേരെ കൂടി കണ്ടെത്താനുണ്ട്. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഇന്നലെയും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പെട്ടിമുടിയിൽ നിന്നും ഏകദേശം 15 കിലോമീറ്റർ അകലെയുള്ള ഭൂതക്കുഴി വനമേഖലയിലെ പുഴയോരം കേന്ദ്രീകരിച്ചുകൊണ്ട് ആയിരുന്നു തിരച്ചിൽ അവസാനമായി നടത്തിയത്. തിരച്ചിലിനൊടുവിൽ ആരെയും കണ്ടെത്താൻ സാധിച്ചില്ല. ലയങ്ങൾ സ്ഥിതിചെയ്തിരുന്ന സ്ഥലങ്ങളിലും പെട്ടിമുടി പുഴയിലും 19 ദിവസം നീണ്ടുനിന്ന തിരച്ചിലാണ് നടത്തിയത്.

തിരച്ചിലിനൊടുവിൽ 65 മൃതദേഹങ്ങൾ കണ്ടെടുത്തിയിരുന്നു. ദേശീയ ദുരന്തനിവാരണ സേനയും, ഫയർഫോഴ്സും, വനംവകുപ്പും, പോലീസ് ഉദ്യോഗസ്ഥരും, റവന്യൂ, പഞ്ചായത്ത് അധികൃതരും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. പ്രദേശത്ത് ശക്തമായ മഴയും മഞ്ഞും മൂലം തിരച്ചിൽ നടത്തുന്നതിന് ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിരുന്നു. ഇനിയും കണ്ടെത്താനുള്ളത് പ്രിയദർശിനി (7), റാണി (44), ദിനേശ് കുമാർ (20), കസ്തൂരി (26), കാർത്തിക (21) എന്നിവരെയാണ്. അപകടസ്ഥലത്തു നിന്നും 12 പേർ രക്ഷപ്പെടുകയും ചെയ്തിരുന്നു. മൂന്നുപേർ കോലഞ്ചേരി മെഡിക്കൽ കോളേജിലും നാലുപേർ മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഓഗസ്റ്റ് ആറിന് രാത്രിയിലാണ് രാജമല പെട്ടിമുടിയിൽ ശക്തമായ ഉരുൾപൊട്ടൽ ഉണ്ടാവുകയും മുപ്പതോളം ലയങ്ങൾ തകരുകയും ചെയ്തത്.