രാജമല ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപ ധനസഹായം നൽകണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇടുക്കി രാജമലയിൽ മണ്ണിടിച്ചിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ 10 ലക്ഷംരൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രമേശ് ചെന്നിത്തല. ആവശ്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയും ചെയ്തു. കരിപ്പൂർ വിമാനത്താവളത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ഇടുക്കി രാജമലയിൽ ഉരുൾപൊട്ടലിനെ തുടർന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ മാത്രം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെ ചോദ്യം ചെയ്ത് നിരവധിപേർ രംഗത്തെത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ ചോദ്യങ്ങൾ ഉയരുകയും ചെയ്തിരുന്നു.

സംസ്ഥാന സർക്കാർ ധനസഹായം നൽകുന്ന കാര്യത്തിൽ അനീതി കാണിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ വിമർശനങ്ങൾ ഉയർന്നു വന്നത്. രാജമലയിലുണ്ടായ ദുരന്തത്തിൽ 78 പേരാണ് അകപ്പെട്ടിരിക്കുന്നത്. ഇവരിൽ 12 പേരെ രക്ഷപ്പെടുത്തുകയും 26 പേർ മരണപ്പെട്ടതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇനിയും കാണാതായവരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.