ന്യൂഡൽഹി: കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റ് രാജ്യത്ത് തൊഴിലവസരങ്ങൾ കൂടുകയും സമ്പദ്‌വ്യവസ്ഥക്ക് ഉത്തേജനം പകരുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ നിക്ഷേപവും വരുമാനവും ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ചെറുപ്പക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുമെന്നും അത്തരക്കാർക്ക് പ്രയോജനപ്രദമായ ബജറ്റാണ് ഇതെന്നും പ്രധാനമന്ത്രി ചൂണ്ടികാട്ടി. അടിസ്ഥാന സൗകര്യം, കൃഷി, ടെക്സ്റ്റൈൽസ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ വിദ്യാർത്ഥികൾക്ക് ബജറ്റിൽ കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ടെന്നും അത് അവർക്ക് പ്രയോജനപ്രദമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ വിനോദ സഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും അതുവഴി കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കപ്പെടുകയും വരുമാനം ഉയരുകയും ചെയ്യും. ഇതിന്റെ ഭാഗമായി നൂറ് പുതിയ വിമാനതാവളങ്ങൾ എന്ന പദ്ധതിയും നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്നതിനായി ഈ ബജറ്റിന് കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.