രാമക്ഷേത്രം ഉയരുന്നത് കാണാൻ സന്തോഷത്തോടെ കാത്തിരിക്കുന്നുവെന്ന് ഷിയ വഖഫ് ബോർഡ്‌

അയോദ്ധ്യാ: രാമജന്മഭൂമിയിൽ ക്ഷേത്രം ഉയരുന്നത് കാണാൻ സന്തോഷത്തോടെ കാത്തിരിക്കുന്നുവെന്നു ഷിയാ വഖഫ് ബോർഡ്. ബോർഡ് അധ്യക്ഷൻ വാസിം റിസ്വിയാണ് ഇക്കാര്യം പറഞ്ഞത്. ക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്‌ ഭാരവാഹികളെ കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലക്‌നൗവിൽ വെച്ചു നടന്ന വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

സുപ്രീം കോടതിയുടെ വിധിയെ തങ്ങൾ അംഗീകരിക്കുന്നുവെന്നും വിധിയിൽ സന്തോഷം മാത്രമേ ഉള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്രസയുടെ നിർമ്മാണത്തിനായി സർക്കാർ അനുവദിച്ച ഭൂമിയിൽ പള്ളിയോ മദ്രസയോ അല്ല, അവിടെ വിദ്യാലയം ഉയരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് സുന്നി വഖഫ് ബോർഡിന് നിർദ്ദേശം നൽകുമെന്നും, എല്ലാ മതവിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്കും അത് ഉപകാരപ്പെടുമെന്നും വാസിം റിസ്വി വ്യക്തമാക്കി.