രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭാഗമായുള്ള ഭൂമിപൂജയ്ക്ക് ആശംസകൾ നേർന്ന ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യയെ ബലാത്സംഘം ചെയ്യുമെന്ന് ഭീഷണി

കൊൽക്കത്ത: രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭാഗമായുള്ള ഭൂമിപൂജയ്ക്ക് ആശംസകൾ നേർന്ന ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യക്ക് വധഭീഷണി. പൂജയ്ക്ക് ആശംസകൾ നേർന്നതിനാൽ പീഡിപ്പിച്ചു കൊലപ്പെടുത്തുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഷമിയുടെ ഭാര്യ ഹാസിൻ ജഹാൻ കൊൽക്കത്ത സൈബർസെൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ അയോദ്ധ്യ ഭൂമിപൂജയ്ക്ക് ആശംസകൾ അറിയിച്ച ഹാസിൻ ജഹാനെതിരെ ഒരു വിഭാഗമാളുകൾ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു.

പീഡിപ്പിച്ചു കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായി ഇവർ പറയുന്നു. നിലവിലെ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് തന്റെ മകളുടെ ഭാവിയെ കുറിച്ച് ആലോചിച്ച് ഉത്കണ്ഠയുണ്ടെന്നും തനിക്ക് നേരെ നിരന്തരമായി ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ട്വിറ്ററിലൂടെയും ഉയർന്നുവരുന്ന ഭീഷണി മാനസികമായി തളർത്തുന്നുവെന്നും അവർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉടൻതന്നെ നടപടി കൈക്കൊള്ളുമെന്നും പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വൃത്തങ്ങൾ പറഞ്ഞു.